
സംസ്ഥാനത്തെ നിരത്തുകളിൽ ഇനി കേരളത്തിന്‍റെ സ്വന്തം ഓട്ടോ റിക്ഷകളും. ഇലക്ട്രിക്കൽ ഓട്ടോറിക്ഷ -ഗ്രീൻ ‘ഇ’ ഓട്ടോ ജൂണിൽ നിരത്തിലിറങ്ങും. വ്യവസായവകുപ്പിനു കീഴിലുള്ള സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ തിരുവനന്തപുരത്തെ കേരളാ ഓട്ടോമൊബൈൽസ‌് ലിമിറ്റഡ‌് നിർമിച്ച ഗ്രീൻ ഓട്ടോകൾ വിപണിയിലിറക്കുന്നതിനു മുമ്പുള്ള പരിശോധനയ‌്ക്കായി ഓട്ടോമോട്ടീവ‌് റിസർച്ച‌് അസോസിയേഷന‌് (എ.ആർ.എ.ഐ) സമർപ്പിച്ചു.
കേന്ദ്ര ഖനവ്യവസായ വകുപ്പിനു കീഴിലുള്ള എ.ആർ.എ.ഐ.യുടെ അനുമതി ലഭിച്ചാൽ മാത്രമേ വാഹനങ്ങൾ ആർ.ടി.ഒയിൽ രജിസ‌്റ്റർ ചെയ്യാനാകൂ. പരിശോധന അവസാന ഘട്ടത്തിലായതിനാൽ അടുത്തമാസം അനുമതി ലഭിച്ച‌് ജൂണിൽ ഗ്രീൻ ഇ ഓട്ടോകൾ വിപണിയിലിറക്കാനാകും. നഷ്ടപ്രതാപം തിരിച്ചുപിടിക്കാനുള്ള കെ.എ.എല്ലിന്‍റെ ശ്രമങ്ങൾക്ക‌് ഊർജം പകരുന്നതാണ‌് ഇലക്ട്രിക്കൽ ഓട്ടോയുടെ വരവ‌്. 1978ൽ സ്ഥാപിച്ച ഈ മുച്ചക്രവാഹന നിർമാണ ഫാക്ടറി 1999–-2005 കാലഘട്ടത്തിൽ വൻ ലാഭത്തിലായിരുന്നു.

വിദേശങ്ങളിൽ വരെ വിപണിയുണ്ടായിരുന്ന കെ.എ.എല്ലിന്‍റെ യാത്രാഓട്ടോറിക്ഷകളും ഭാരവാഹനങ്ങളും ബംഗ്ലാദേശ‌് മുതൽ ഗ്വാട്ടിമാല വരെയുള്ള രാജ്യങ്ങളിൽ ഓടിയിരുന്നു. എന്നാൽ, സ്വകാര്യ മേഖലയിൽ നിന്നുള്ള വെല്ലുവിളി ഉൾപ്പെടെയുള്ള പലവിധ പ്രതിസന്ധികൾ നേരിടേണ്ടി വന്നതോടെ നഷ്ടത്തിലേക്കു കൂപ്പുകുത്തി. എന്നാൽ, ഇപ്പോഴത്തെ സർക്കാർ അധികാരത്തിൽ വന്നതോടെ ഏഴു കോടി രൂപ മുടക്കി ഫാക്ടറി നവീകരണം ഉൾപ്പെടെയുള്ള പദ്ധതികൾ നടപ്പാക്കി. വിറ്റുവരവ‌് ഇരട്ടിയായതോടെ നഷ്ടത്തിൽ 1.95 കോടിയുടെ കുറവുണ്ടായി.
പരിസ്ഥിതിക്ക‌് ദോഷകരമല്ലാത്ത ഇലക്ട്രിക്കൽ വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന സർക്കാർനയത്തിന്‍റെ ഭാഗമായാണ‌് കെ.എ.എൽ – ഇ ഓട്ടോറിക്ഷ നിർമാണത്തിലേക്ക‌് കടന്നത‌്. ഇതിനായി സർക്കാർ പത്തു കോടി രൂപയാണ‌് അനുവദിച്ചത‌്. നാലു യാത്രക്കാർക്ക‌് സഞ്ചരിക്കാവുന്ന ഗ്രീൻ ഓട്ടോറിക്ഷയ്‌ക്ക‌് രണ്ടര ലക്ഷം രൂപയാണ‌് വില. നാലു മണിക്കൂർ ചാർജ‌് ചെയ്താൽ 100 കിലോ മീറ്റർ ഓടാനാകും. ഒരു കിലോ മീറ്ററിന‌് വെറും 50 പൈസയാണ‌് ചെലവ‌്. സാങ്കേതിക വിദ്യ, രൂപ കൽപ്പന എന്നിവ ഉൾപ്പെടെ പൂർണമായും തദ്ദേശീയമായി വികസിപ്പിച്ചെടുത്തതാണ‌് ഗ്രീൻഓട്ടോ. ഓട്ടോസ‌്റ്റാൻഡുകളിൽ ചാർജിങ‌് സ‌്റ്റേഷനുകൾ കെ.എ.എൽ സ്ഥാപിക്കും. വൈകാതെ മൂന്നു പേർക്ക‌് യാത്ര ചെയ്യാവുന്ന ഇ റിക്ഷകൾ പുറത്തിറക്കും. ഒന്നര ലക്ഷം രൂപയാണ‌് വില. പിന്നാലെ സി.എൻ.ജി ഓട്ടോയും നിർമിക്കും. നിലവിൽ മഹീന്ദ്ര ആൻഡ‌് മഹീന്ദ്രയാണ‌് ഇന്ത്യയിൽ ഇ ഓട്ടോകൾ നിർമിക്കുന്നത‌്.
