
കിഫ്ബിയില്‍ തുറന്നുപോരുമായി പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍. കിഫ്ബിയെ ഏല്‍പ്പിച്ച റോഡുകളുടെ ഉത്തരവാദിത്തം പി.ഡബ്ല്യൂ.ഡിക്കില്ലെന്നും റോഡുകളെക്കുറിച്ച് പരാതി കേള്‍ക്കേണ്ടിവരുന്നത് പൊതുമരാമത്ത് വകുപ്പാണെന്നും സുധാകരന്‍ തിരുവനന്തപുരത്ത് പറഞ്ഞു. കിഫ്ബിയെ ഏല്‍പ്പിച്ച റോഡുകളുടെ ഉത്തരവാദിത്തം പി.ഡബ്ല്യൂ.ഡിക്കില്ല. പദ്ധതികളുടെ പണം ചെലവഴിക്കല്‍, ടെന്‍ഡര്‍ തുടങ്ങിയ കാര്യങ്ങളിലൊക്കെ തീരുമാമെടുക്കുന്നതു കിഫ്ബിയാണ്.

എന്നാല്‍ റോഡ് പണിക്ക് ആവശ്യമായ പണം പി.ഡബ്ല്യൂ.ഡിക്ക് ധനവകുപ്പില്‍നിന്നു ലഭിക്കുന്നില്ല. പി.ഡബ്ല്യൂ.ഡി ഫയലുകള്‍ ധനവകുപ്പ് അനാവശ്യമായി പിടിച്ചുവയ്ക്കുകയാണ്. ധനമന്ത്രിയോട് ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും സുധാകരന്‍ പറഞ്ഞു. അധിക ജോലി ഏറ്റെടുക്കുന്നതിനാല്‍ കിഫ്ബിയുടെ പേരില്‍ പൊതുമരാമത്ത് വകുപ്പിന് പഴി കേള്‍ക്കേണ്ടിവരുന്നു. ഇതിന്‍റെ ആവശ്യമില്ല.
പൊതുമരാമത്ത് വകുപ്പിന്‍റെ കൈവശമുള്ള റോഡുകള്‍ കിഫ്ബി ഏറ്റെടുത്ത് നിര്‍മാണങ്ങള്‍ നടത്തട്ടെ. നിലവില്‍ കെ.എസ്.ഇ.ബിയ്ക്ക് റോഡുകള്‍ നല്‍കുന്നുണ്ട്. അതുപോലെ കിഫ്ബിയും റോഡുകള്‍ ഏറ്റെടുക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു. മോശം പൈപ്പ് വാങ്ങുന്നതു കൊണ്ടാണ് റോഡുകളില്‍ പൈപ്പുകള്‍ പൊട്ടുന്നത്. ഇതിനു കാരണക്കാരായ ഉദ്യോഗസ്ഥരെ ശിക്ഷിക്കണം. തെറ്റ് ചെയ്ത ഉദ്യോഗസ്ഥരെ ശിക്ഷിക്കാന്‍ ഈ സര്‍ക്കാരിനു ഭയമില്ല. ദേശീയപാതവികസനം ഈ സര്‍ക്കാരിന്‍റെ കാലത്ത് തീരില്ലെന്നും സുധാകരന്‍ പറഞ്ഞു.
