
കൊച്ചി: കേരളാ സർക്കാരിന്‍റെ അഭിമാനപദ്ധതിയായ കിഫ്ബിയുടെ മസാല ബോണ്ടുകൾക്കെതിരെ അഴിമതി ആരോപണവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. വിവാദ കമ്പനിയായ എസ്.എന്‍.സി ലാവ്‍ലിനുമായി ബന്ധപ്പെട്ട CDPQ എന്ന കമ്പനിയാണ് കിഫ്ബിയുടെ മസാല ബോണ്ടിൽ പ്രധാനമായും നിക്ഷേപം നടത്തിയതെന്നാണ് ചെന്നിത്തലയുടെ ആരോപണം.
അഴിമതിയാരോപണങ്ങളെത്തുടർന്ന് മുന്‍പേ തന്നെ സംസ്ഥാനസർക്കാർ കരിമ്പട്ടികയിൽ പെടുത്തിയ എസ്.എന്‍.സി ലാവ്‍ലിനുമായി ബന്ധപ്പെട്ട കമ്പനി എങ്ങനെ സർക്കാരിന്‍റെ തന്നെ മസാല ബോണ്ടുകളിൽ നിക്ഷേപം നടത്തുമെന്നാണ് ചെന്നിത്തല ചോദിക്കുന്നത്.

ഇതിന് പിന്നിൽ നടന്നത് വലിയ ഒത്തുകളിയാണെന്നും ലാവ്‍ലിൻ കമ്പനിയെ സഹായിക്കാൻ വലിയ അഴിമതി നടക്കുകയാണെന്നും ചെന്നിത്തല ആരോപിക്കുന്നു. 20 ശതമാനം വരെ ഓഹരിയാണ് CDPQ കമ്പനിക്ക് മസാല ബോണ്ടുകളിലുള്ളതെന്നാണ് മനസ്സിലാകുന്നത്. വിവാദ കമ്പനിയായ ലാവ്‍ലിനുമായി ബന്ധപ്പെട്ട് സംസ്ഥാനസർക്കാർ എന്തിനാണ് ഇടപാട് നടത്തുന്നതെന്ന് ധനമന്ത്രി തോമസ് ഐസകും ലാവ്‍ലിൻ കമ്പനിയുമായി ബന്ധപ്പെട്ട് മുമ്പ് ആരോപണവിധേയനായ മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കണം – ചെന്നിത്തല ആവശ്യപ്പെട്ടു.
കിഫ്ബിയിലുള്ള മസാല ബോണ്ട് സംബന്ധിച്ച് മുഴുവൻ വിവരങ്ങളും പുറത്ത് വിടണമെന്നാണ് ചെന്നിത്തലയുടെ ആവശ്യം. CDPQ എന്ന കമ്പനിയുമായി ലാവ്‍ലിനുള്ള ബന്ധമെന്തെന്ന് സർക്കാർ വ്യക്തമാക്കണം. സര്‍ക്കാര്‍ 9.8 ശതമാനം പലിശ നൽകിയാണ് മസാല ബോണ്ടുകൾ വിറ്റഴിച്ചത്. മുന്‍പ്, കിഫ്ബിയിലൂടെ മസാല ബോണ്ടുകൾ വഴി കേരളം 2150 കോടി രൂപ ലഭിച്ചതായി സംസ്ഥാനസർക്കാർ വ്യക്തമാക്കിയിരുന്നു. ആദ്യമായാണ് ഒരു സംസ്ഥാനം മസാല ബോണ്ട് വഴി വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് സമാഹരിക്കുന്നത്.
