കാസര്‍കോട്ട് കാറപകടത്തില്‍ ഒരാള്‍ മരിച്ചു, രണ്ടു പേര്‍ക്ക് ഗുരുതര പരിക്ക്; അപകടത്തില്‍ പെട്ടത് തോക്കുമായി സഞ്ചരിച്ച യാത്രാ സംഘം.

  • Post category:news
  • Reading time:1 min read
You are currently viewing കാസര്‍കോട്ട് കാറപകടത്തില്‍ ഒരാള്‍ മരിച്ചു, രണ്ടു പേര്‍ക്ക് ഗുരുതര പരിക്ക്; അപകടത്തില്‍ പെട്ടത് തോക്കുമായി സഞ്ചരിച്ച യാത്രാ സംഘം.

കാസര്‍കോട്: ദേശീയ പാതയില്‍ മഞ്ചേശ്വരം ചെക്ക് പോസ്റ്റിന് സമീപം കാര്‍ നിയന്ത്രണം വിട്ട് റോഡരികിലെ കുഴിയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. രണ്ടു പേര്‍ക്കു ഗുരുതരമായി പരിക്കേറ്റു. കാഞ്ഞങ്ങാട് സ്വദേശി കെ.സി. ഷംസുദ്ദീന്‍ (30) ആണ് മരിച്ചത്. പരിക്കേറ്റ ഉപ്പള സ്വദേശികളായ ഡിക്കി അമ്മി എന്ന മുഹമ്മദ് അമീര്‍(35), അബ്ദുല്‍ ലത്തീഫ് (29) എന്നിവരെ കാസര്‍കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി അസമയത്ത് ദുരൂഹ സാഹചര്യത്തിലാണ് അപകടം നടന്നത്. അപകടമുണ്ടായ കാറില്‍ നിന്നും പോലീസ് ഒരു റിവോള്‍വര്‍ കണ്ടെടുത്തു.

ഇന്നലെ അര്‍ദ്ധരാത്രിയോടെ ഉണ്ടായ അപകടത്തെ തുടര്‍ന്ന്, പട്രോളിംഗ് നടത്തുകയായിരുന്ന മഞ്ചേശ്വരം പോലീസാണ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചത്. ഷംസുദ്ദീന്‍ സംഭവ സ്ഥലത്തു വെച്ചു തന്നെ മരിച്ചു. യാത്രാസംഘത്തിലുണ്ടായിരുന്ന ഒരാള്‍ അപകടത്തിനു ശേഷം അപ്രത്യക്ഷനായതായും പോലീസ് അറിയിച്ചു. മംഗലാപുരത്തു നിന്നും കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന കാര്‍ നിയന്ത്രണം നഷ്ടപ്പെട്ടതിനാല്‍ റോഡരികിലെ കുഴിയിലേക്ക് മറിഞ്ഞതായിരിക്കുമെന്ന് സംശയിക്കുന്നു. ഇതു സംബന്ധിച്ച് ദുരൂഹതയുള്ളതായും തോക്ക് കൈവശം വെച്ച് യാത്ര നടത്തിയതിനു പിന്നില്‍ നിഗൂഢത ഉള്ളതായും പോലിസ് സംശയിക്കുന്നു. വിശദമായ അന്വേഷണ നടപടികള്‍ ആരംഭിച്ചു.

0Shares