കാസര്‍കോട്ടെ ദുരഭിമാനക്കൊല; ബാലകൃഷ്ണന്‍ വധക്കേസിലെ രണ്ട് പ്രതികള്‍ക്കും ജീവപര്യന്തം തടവ്

  • Post category:news
  • Reading time:2 mins read
You are currently viewing കാസര്‍കോട്ടെ ദുരഭിമാനക്കൊല; ബാലകൃഷ്ണന്‍ വധക്കേസിലെ രണ്ട് പ്രതികള്‍ക്കും ജീവപര്യന്തം തടവ്

കൊച്ചി: ഇതരമതത്തില്‍പ്പെട്ട പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിന് യുവാവിനെ കൊലപ്പെടുത്തിയ കേസിലെ രണ്ടുപ്രതികള്‍ക്ക് ജീവപര്യന്തം തടവ്. കൊറിയര്‍ സര്‍വീസ് ഉടമയും യൂത്ത് കോണ്‍ഗ്രസ് കാസര്‍കോട് മണ്ഡലം പ്രസിഡണ്ടുമായിരുന്ന വിദ്യാനഗര്‍ പടുവടുക്കത്തെ ബാലകൃഷ്ണനെ (38) കുത്തിക്കൊലപ്പെടുത്തിയ കേസിലാണ് ഒന്നും രണ്ടും പ്രതികള്‍ക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപാ വീതം പിഴയും ശിക്ഷ വിധിച്ചത്. എറണാകുളം സി.ബി.ഐ പ്രത്യേക കോടതിയാണ് വെള്ളിയാഴ്ച ശിക്ഷ പ്രഖ്യാപിച്ചത്. കാസര്‍കോട് ചട്ടഞ്ചാല്‍ കൂളിക്കുന്ന് പാദൂര്‍ റോഡിലെ ഇക്കു എന്ന മുഹമ്മദ് ഇഖ്ബാല്‍ (44), കാസര്‍കോട് തളങ്കര തായലങ്ങാടിയിലെ മുഹമ്മദ് ഹനീഫ എന്ന ജാക്കി ഹനീഫ (43) എന്നിവരെയാണ് സിബിഐ കോടതി ജഡ്ജ് എസ് സന്തോഷ് കുമാര്‍ ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്.
ബാലകൃഷ്ണന്റെ പിതാവ് റിട്ട. തഹസില്‍ദാര്‍ വിദ്യാനഗര്‍, പൊടവടുക്കത്തെ ഗോപാലന്‍ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് കേസ് സിബിഐയ്ക്ക് വിട്ടത്. 2001 സെപ്റ്റംബര്‍ 18 ന് രാത്രി മണിയോടെയാണ് കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡിലെ കൊറിയര്‍ സ്ഥാപന ഉടമയായ ബാലകൃഷ്ണന്‍ കൊല്ലപ്പെട്ടത്. ഇഖ്ബാലും മറ്റ് പ്രതികളും ചേര്‍ന്ന് പന്നിപ്പാറയിലെ വീട്ടില്‍ നിന്നും വിളിച്ചിറക്കി ബാലകൃഷ്ണനെ കാറില്‍ കയറ്റിക്കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് ചെമ്മനാട് കടവത്ത് വെച്ച് കുത്തിക്കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്. മണ്ണംകുഴിയിലെ അബൂബക്കറിന്റെ മകളെ ബാലകൃഷ്ണന്‍ വിവാഹം ചെയ്തതിലുള്ള വിരോധമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് സിബിഐ അന്വേഷണത്തില്‍ കണ്ടെത്തിയത്. ആദ്യം ലോക്കല്‍ പോലീസ് അന്വേഷിച്ച കേസില്‍ അന്നത്തെ ഡിവൈഎസ്പി പി.ഹബീബ്‌റഹ്മാന്റെ നേതൃത്വത്തില്‍ മുഹമ്മദ് ഹനീഫ അടക്കം രണ്ടുപ്രതികളെ പിടികൂടിയിരുന്നു. ലോക്കല്‍ പോലീസ് അന്വേഷണത്തില്‍ ഗൂഢാലോചന തെളിയിക്കാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്നാണ് പിതാവ് ഹൈക്കോടതിയെ സമീപിച്ച് സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടത്. സി.ബി.ഐ അന്വേഷണം ഏറ്റെടുത്ത ശേഷമാണ് ഗള്‍ഫിലേക്ക് കടന്ന പ്രതികളെ അറസ്റ്റ് ചെയ്തത്. യുവതിയുടെ പിതാവാണ് ബാലകൃഷ്ണന്റെ അടുത്ത സുഹൃത്തുകള്‍ക്ക് ക്വട്ടേഷന്‍ നല്‍കിയതെന്നും ഇതിനായി ഗൂഡാലോചന നടന്നതായും സി.ബി.ഐ വാദിച്ചുവെങ്കിലും തെളിവുകളുടെ അഭാവത്തില്‍ കോടതി വാദം അംഗീകരിച്ചില്ല. ചെമ്മനാട് കടവത്ത് വെച്ച് കുത്തേറ്റ ബാലകൃഷ്ണന്‍ തൊട്ടടുത്ത പള്ളി വരെ ഓടിയെത്തിയശേഷം കുഴഞ്ഞ് വീഴുകയായിരുന്നു. ആശുപത്രിയിലേക്കു വഴി മധ്യേയാണ് ബാലകൃഷ്ണന്‍ മരിച്ചത്. നെഞ്ചിലേറ്റ അഞ്ചോളം കുത്താണ് മരണത്തിനിടയാക്കിയതെന്നാണു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. 2010 നവംബറില്‍ സിബിഐ അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. സി.ബി.ഐ ചെന്നൈ യൂണിറ്റാണ് അന്വേഷണം പൂര്‍ത്തിയാക്കി അന്തിമ റിപ്പോര്‍ട്ട് നല്‍കിയത്. 30 സാക്ഷികളെയാണ് കോടതി മുമ്പകെ സി.ബി.ഐ വിസ്തരിച്ചത്.  കുറ്റക്കാരാണെന്ന് കണ്ടെത്തിയ രണ്ടു പ്രതികളുടെയും ജാമ്യം ഇന്നലെ തന്നെ റദ്ദാക്കിയ കോടതി എറണാകുളം സബ്ജയിലിലടച്ചിരുന്നു. പ്രതികളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റും.

0Shares