കാസര്‍കോട്ടുകാരനായി അഭിനയിച്ച മമ്മൂട്ടി കാസര്‍കോട് ഭാഷയോട് കാണിച്ചത്….?

  • Post category:news
  • Reading time:1 min read
You are currently viewing കാസര്‍കോട്ടുകാരനായി അഭിനയിച്ച മമ്മൂട്ടി കാസര്‍കോട് ഭാഷയോട് കാണിച്ചത്….?

കൊച്ചി: രഞ്ജിത്ത് മമ്മൂട്ടി കൂട്ടുകെട്ടില്‍ പുറത്തിറക്കാനിരിക്കുന്ന ചിത്രമാണ് ‘പുത്തന്‍ പണം ദ ഇന്ത്യന്‍ റുപ്പി’. ഈ ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രം കാസര്‍കോട് ജില്ലയിലെ കുമ്പള സ്വദേശിയുടെതാണ്. അതുകൊണ്ട് തന്നെ കാസര്‍കോടന്‍ ഭാഷയ്ക്ക് അതീവ പ്രാധാന്യം ഉള്ള സിനിമ കൂടിയാണ് പുത്തന്‍പണം. മലയാളികള്‍ ഒന്നടങ്കം ആശ്ചര്യത്തോടെ നോക്കിനില്‍ക്കുകയും, പറയുന്നത് മനസ്സിലാവാത്തത് കൊണ്ട് കളിയാക്കുകയും ചെയ്യുന്ന ഭാഷയായി കാസര്‍കോട് ഭാഷ മാറിയിരിക്കുന്നു. എന്നാല്‍ കാസര്‍കോട്ടുകാരനായി അഭിനയിച്ച മമ്മൂട്ടി ഒരിക്കലും കാസര്‍കോടന്‍ ഭാഷയെ കളിയാക്കിയിട്ടില്ല എന്നതാണ് മമ്മൂട്ടിയെ ഭാഷ പഠിപ്പിച്ച പി.വി. ഷാജി കുമാര്‍ പറയുന്നത്. കാസര്‍കോട് ഭാഷയെ പലരും പരിഹസിക്കുന്നത് കണ്ടിട്ടുണ്ട്, നിങ്ങള്‍ പറയുന്നത് എന്താണെന്ന് മനസ്സിലാകുന്നില്ലെന്ന് പറഞ്ഞാണ് പലരും കളിയാകാറുള്ളത്. എന്നാല്‍ ചിത്രത്തിന്റെ ഷൂട്ടിങ്ങിനും ഡബ്ബിങ്ങിനും വേണ്ടി ഒരുപാടുതവണ മമ്മൂക്കയോടൊപ്പമായിരുന്ന ഞാന്‍ ഒരിക്കല്‍ പോലും, മമ്മൂക്ക കാസര്‍കോടന്‍ ഭാഷയെ കളിയാക്കുന്നത് കണ്ടിട്ടില്ല, എന്തിന് ഏറെ പറയണം തമാശയ്ക്ക് പോലും ഇത് ഉണ്ടായിട്ടില്ലെന്നും ഷാജി പറഞ്ഞു.

ഭാഷയോട് അത്രയ്ക്കും ബഹുമാനമായിരുന്നു. ഷൂട്ടിങ്ങിനിടെ പറയാന്‍ ബുദ്ധിമുട്ടുള്ള വാക്കുകളും പ്രയോഗങ്ങളും ശ്രദ്ധിച്ച് കേള്‍ക്കുകയും അര്‍ത്ഥം മനസ്സിലാക്കി പറയുകയുമാണ് മമ്മൂട്ടി ചെയ്തത്. ഈ ഭാഷയെ കളിയാകുന്നവര്‍ അദ്ദേഹത്തെ കണ്ടുപഠിക്കട്ടേയെന്നും ഷാജികുമാര്‍ പറയുന്നു. സിനിമയുടെ പ്രചരണാര്‍ത്ഥം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടെയാണ് മമ്മൂട്ടിയുമൊത്തുള്ള അനുഭവം ഷാജികുമാര്‍ വിവരിച്ചത്. ലീല എന്ന ചിത്രത്തിന് ശേഷം രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘പുത്തന്‍ പണം ദ ഇന്ത്യന്‍ റുപ്പി’. മമ്മൂട്ടി നായകനായ ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. അതുകൊണ്ട് തന്നെ സിനിമ മലയാളികള്‍ സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകര്‍. ചിത്രം ഉടന്‍ തിയേറ്ററുകളില്‍ എത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. മറ്റു സിനിമകളിലൂടെ തിരുവനന്തപുരം ഭാഷയും തൃശൂര്‍ ഭാഷയും കോഴിക്കോടന്‍ ഭാഷയുമെല്ലാം അനായാസം കൈകാര്യം ചെയ്ത് പ്രേക്ഷകരുടെ കൈയ്യടി നേടിയ മമ്മൂട്ടിയുടെ കാസര്‍കോട് ഭാഷ കേള്‍ക്കാനുള്ള ആകാംഷയിലാണ് പ്രേക്ഷകര്‍.

0Shares