
ന്യൂഡൽഹി: സൈനികനടപടിയിലുള്ള മാനസിക സമ്മര്‍ദം ജീവിതാന്ത്യംവരെ ഇരയെ പിന്തുടരുമെന്ന് പറഞ്ഞ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ, കാശ്മീരില്‍ ബുഡ്ഗാമില്‍ യുവാവിനെ മനുഷ്യകവചമായി ഉപയോഗിച്ച സംഭവത്തില്‍ സര്‍ക്കാര്‍10 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന്‍ ഉത്തരവിട്ടു. ഈ വർഷം ഏപ്രില്‍ 9നാണ് ബീര്‍വാ ജില്ലക്കാരനായ ഫറൂഖ് അഹമ്മദ് ദര്‍ എന്ന യുവാവിനെ ജനങ്ങളുടെ കല്ലേറിൽ നിന്നും രക്ഷപെടാൻ സൈന്യം ജീപ്പില്‍ കെട്ടി പരേഡ് നടത്തിയത്. മരിക്കുക അല്ലെങ്കില്‍ പ്രവര്‍ത്തിക്കുക എന്ന ഘട്ടത്തിലാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നും അല്ലൊങ്കില്‍ സൈനികര്‍ക്ക് നേരെ കല്ലേറുണ്ടാകുമായിരുന്നു എന്നുമാണ് സൈന്യം നടപടിയെകുറിച്ച് വിശദീകരണം നൽകിയത്. സംഭവത്തില്‍ സൈന്യം 26കാരനായ യുവാവിനെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചതായും തെറ്റായ തടങ്കല്‍ രീതിയാണിതെന്നും മനുഷ്യാവകാശകമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ബിലാല്‍ നസ്കി ഉത്തരവില്‍ നിരീക്ഷിച്ചു. മനുഷ്യാവകാശ പ്രവര്‍ത്തകനായ മുഹമ്മദ് അഹ്സാന്‍ നല്കിയ പരാതിയിലാണ് സംസ്ഥാനമനുഷ്യാവകാശ കമ്മീഷന്‍റെ നടപടി.

കമ്മീഷന്‍റെ നിര്‍ദേശപ്രകാരം കേസന്വേഷിച്ച പോലീസ് ഏഴ് സാക്ഷികളെ ഉള്‍പ്പെടുത്തി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ യുവാവിനെ മനുഷ്യകവചമായി ഉപയോഗിച്ചതായ് തെളിയിച്ചിരുന്നു. വ്യക്തികളുടെ സ്വാതന്ത്ര്യവും ജീവനും സംരക്ഷിക്കുക എന്നതാണ് സൈന്യത്തിന്‍റെ പ്രാഥമിക കടമയെന്നും കമ്മീഷന്‍ ഉത്തരവില്‍ പറയുന്നു. ശ്രീനഗര്‍ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ദിനത്തിലെ സൈന്യത്തിന്‍റെ നടപടി വ്യാപകമായ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. പ്രതിഷേധക്കാര്‍ പോളിംഗ് സ്റ്റേഷനുകള്‍ ആക്രമിക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് സൈന്യം നടത്തിയ വെടിവയ്പ്പില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു.ജനക്കൂട്ടത്തിന്റെ കല്ലേറില്‍ നിന്നും രക്ഷപെടാന്‍ പട്ടാളത്തിന്റെ ജീപ്പിനു മുമ്പില്‍ കശ്മീരി യുവാവിനെ കെട്ടിയിട്ട് മനുഷ്യകവചം തീര്‍ത്ത സൈന്യത്തെ അഭിനന്ദിച്ചും പിന്തുണച്ചും കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി ഉദ്യോഗസ്ഥരെയും അര്‍ധ സൈനികരെയും സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതിന് വേണ്ടിയാണ് ഇത്തരമൊരു കടുത്ത തീരുമാനമെടുത്തതെന്നുമായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ ന്യായം.
