
ലണ്ടന്‍: ഇന്ത്യയുടെ ഭരണസിരാകേന്ദ്രങ്ങളെ പിടിച്ചുകുലുക്കുമാറ് ആസിഫ ബാനുവിന്‍റെ കൊലപാതകത്തോടുള്ള പ്രതിഷേധം ആളിപടരവേ കൊലപാതകത്തെ അപലപിച്ച് ഐക്യരാഷ്ട്രസഭ നേരിട്ട് രംഗത്തെത്തി. കാശ്മീരില്‍ നടന്നത് പൈശാചിക പ്രവൃത്തിയാണെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് പറഞ്ഞു. കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് താന്‍ പ്രതീക്ഷിക്കുന്നതായും അദ്ദേഹം മാധ്യമങ്ങളെ അഭിസംബോധനചെയ്യവേ പറഞ്ഞു. കത്വ സംഭവം രാജ്യത്തിന് നാണക്കേട് ഉണ്ടാക്കിയെന്നും. കുറ്റവാളികളെ ശിക്ഷിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ വിഷയത്തോട് പ്രതികരിച്ചിരുന്നു.

അതേസമയം, ആസിഫ ബാനുവിന്‍റെ കുടുംബം റസാന ഗ്രാമത്തിലെ വീട് ഉപേക്ഷിച്ച് നാടു വിട്ടു. ആസിഫ ബാനുവിന്‍റെ പിതാവ് മുഹമ്മദ് യൂസഫ് പുജ്വാല, ഭാര്യ നസീമ, രണ്ട് കുട്ടികൾ എന്നിവരാണ് വീട് ഉപേക്ഷിച്ച് പലായനം ചെയ്തത്. ചൊവ്വാഴ്ച രാത്രി ആരോടും പറയാതെ വീട് വിട്ടതായാണ് റിപ്പോർട്ട്. കന്നുകാലികളെയും ഇവർ കൊണ്ടുപോയിട്ടുണ്ട്. കുറ്റവാളികളെ വെറുതെ വിടണം എന്ന് ആവശ്യപ്പെട്ട് സംഘപരിവാര്‍ നടത്തിയ പ്രകടനത്തിനെ പിന്തുണച്ചതിന്‍റെ പേരില്‍ രണ്ട് ബി.ജെ.പി മന്ത്രിമാര്‍ക്ക് രാജി വെക്കേണ്ടി വന്നു.
