
ഹൈദരാബാദ്: സംസ്ഥാനത്തിന് സ്വന്തമായി ഒരു പതാക രൂപ കല്‍പ്പന ചെയ്യുന്നതിനും ഇതുമായി ബന്ധപ്പെട്ടുണ്ടാകുന്ന നിയമനടപടികള്‍ പരിശോധിക്കുന്നതിനും കര്‍ണാടക സര്‍ക്കാര്‍ സംസ്‌കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ചെയര്‍പേഴ്‌സണായി ഒരു ഒമ്പതംഗ സമിതിക്ക് രൂപം നല്‍കി. ഔദ്യോഗിക പതാക രൂപീകരിക്കുന്നത് സംബന്ധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കി സമര്‍പ്പിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത് . നാനാത്വത്തില്‍ ഏകത്വമെന്ന രാജ്യത്തിന്റെ തത്വത്തോട് ചേരുന്നതും എന്നാല്‍ സംസ്ഥാനത്തിന് പ്രത്യേക തിരിച്ചറിയല്‍ നല്‍കുന്നതുമായ പതാകയാവും ഔദ്യോഗിക പതാകയായി പരിഗണിക്കുകയെന്നാണ് കമ്മിറ്റിയുടെ പ്രതികരണം. കമ്മിറ്റി മുന്നോട്ട് വയ്ക്കുന്ന ശുപാര്‍ശകള്‍ക്ക് നിയമപരമായ അനുമതി ലഭിച്ചാല്‍ ജമ്മുവിന് പിന്നാലെ സ്വന്തമായി പതാകയുള്ള ഇന്ത്യയിലെ രണ്ടാമത്തെ സംസ്ഥാനമാവും കര്‍ണാടക. ആര്‍ട്ടിക്കിള്‍ 370 വകുപ്പ് പ്രകാരം ജമ്മു കശ്മീരിന് സ്വന്തമായി പതാകയുണ്ട്. നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇത്തരമൊരു നീക്കവുമായി വന്നിരിക്കുന്നത്. ബി. ജെ. പി അധികാരത്തില്‍ തിരിച്ചുവരാതിരിക്കാനുള്ള തന്ത്രംകൂടി ഇതിനു പിന്നിലുണ്ടെന്നു കരുതുന്നു.

ജൂണ്‍ ആറിനാണ് പതാക രൂപകല്‍പ്പനയുമായി ബന്ധപ്പെട്ടുള്ള കമ്മിറ്റി രൂപീകരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഗവര്‍ണര്‍ ഒപ്പുവച്ച ഈ ഉത്തരവില്‍ പറയുന്നത് ഈ കമ്മിറ്റി സംസ്ഥാനത്തിന്റെതായ ഒരു പതാക രൂപകല്‍പ്പന ചെയ്യുമെന്നും അതിനൊപ്പം ഇതുമായി ബന്ധപ്പെട്ട നിയമവശങ്ങള്‍ പരിശോധിക്കുമെന്നാണ്. നിലവില്‍ ഉപയോഗിക്കുന്ന ചുവപ്പും മഞ്ഞയും നിറത്തിലുള്ള പതാക സംസ്ഥാനത്തിന്റെ ഔദ്യോഗിക പതാകയായി പ്രഖ്യാപിക്കണമെന്നുള്ള നിര്‍ദ്ദേശം നേരത്തെ ഉയര്‍ന്നുവന്നിരുന്നു.എന്നാല്‍ ഈ നിര്‍ദ്ദേശം അംഗീകരിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ കര്‍ണാടക ഹൈക്കോടതിയെ അറിയിച്ചു. സംസ്ഥാനത്തിന് മാത്രമായി പതാകയ്ക്ക് രൂപം നല്‍കിയാല്‍ ദേശീയ പതാകയുടെ പ്രാധാന്യം നഷ്ടപ്പെടുമെന്നും ഏകസ്വരമെന്ന തത്വത്തെ അത് ബാധിക്കുകയും ചെയ്യുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി ഗോവിന്ദ് എം . കേജ്രിവാള്‍ ചൂണ്ടിക്കാട്ടി.ഈ തീരുമാനം ജനങ്ങളുടെ മനസ്സില്‍ ഇടുങ്ങിയ വര്‍ഗ്ഗീയ ചിന്താഗതി സൃഷ്ടിക്കുമെന്നും കജ്രോള്‍ സൂചിപ്പിച്ചു.ഇന്ത്യ ഒറ്റ രാജ്യമാണെന്നും ഒരു രാജ്യത്തിന് രണ്ട് പതാകയെന്ന തീരുമാനത്തെ ഒരിക്കലും അംഗീകരിക്കാന്‍ പറ്റില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
