തിരുവനന്തപുരം: തിരുവനന്തപുരം പപ്പനംകോട്ട് കാവി വസ്ത്രം ധരിച്ച് ഹോട്ടലിലെത്തിയാള്‍ക്ക് ഭക്ഷണം നിഷേധിച്ചതായി പരാതി. അരുവിപ്പുറം ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഹരിക്കാണ് കാവിമുണ്ട് ധരിച്ചതിന്റെ പേരില്‍ ഹോട്ടലില്‍ ഭക്ഷണം നിഷേധിച്ചത്. ഇതിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തിട്ടുണ്ട്.

സംസ്ഥാനത്തെ ഹോട്ടലുകളില്‍ ഭക്ഷണം കഴിക്കാനെത്തുന്നവര്‍ക്ക് ഡ്രസ്‌കോഡ് ഉണ്ടെന്നത് കേട്ടുകേള്‍വി ഇല്ല എന്ന് നടപടിക്രമത്തില്‍ കമ്മിഷന്‍ അഭിപ്രായപ്പെട്ടു. ക്ഷേത്ര സന്ദര്‍ശനമായതുകൊണ്ടാണ് കാവിമുണ്ട് ധരിച്ചതെന്ന് പരാതിക്കാരനായ ഹരി ഹോട്ടല്‍ അധികൃതരെ അറിയിച്ചെങ്കിലും ഭക്ഷണം നല്‍കിയില്ലന്നാണ് പരാതി. ഭാരതീയ സംസ്‌കാരത്തിന്റെ ചിഹ്നമായ കാവി നിറത്തെ മാത്രമല്ല ഭക്ഷണം കഴിക്കാനുള്ള തന്റെ അവകാശത്തെയും ഹോട്ടലുടമ അവഹേളിച്ചതായി പരാതിയില്‍ ഉന്നയിക്കുന്നു.

ഇതു സംബന്ധിച്ച് അന്വേഷണം നടത്തി വിശദീകരണം സമര്‍പ്പിക്കാന്‍ കമ്മിഷന്‍ ആക്റ്റിംഗ് ചെയര്‍പേഴ്സണ്‍ പി. മോഹനദാസ് വിനോദസഞ്ചാരവകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഹോട്ടല്‍ എം.ഡിയും വിശദീകരണം നല്‍കണം. സംഭവം നടന്ന ജനുവരി 20 ന് വൈകിട്ട് 6 മണിമുതല്‍ 10 മണിവരെയുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍ ഹാജരാക്കണമെന്നും കമ്മിഷന്‍ ഹോട്ടലുടമയ്ക്ക് നിര്‍ദ്ദേശം നല്‍കി.