
തിരുവനന്തപുരം: മൊറട്ടോറിയത്തിന്‍റെ കാര്യത്തില്‍ കർഷകരെ സംസ്ഥാന സർക്കാർ വഞ്ചിച്ചെന്ന് കോൺഗ്രസ്. മൊറട്ടോറിയം നീട്ടിയ സര്‍ക്കാര്‍ ഉത്തരവ് വൈകിയത് എന്തുകൊണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. അതേപോലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പി.ആർ.ഡി നോട്ടീസ് സി.പി.എം ഉപയോഗിക്കുന്നുവെന്നും ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്നും ചെന്നിത്തല പറഞ്ഞു.

ഇന്നലെ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപ്പെട്ടതോടെ കർഷകരുടെ കടങ്ങൾക്കുള്ള മൊറട്ടോറിയം നീട്ടൽ സർക്കാരിന് കീറാമുട്ടിയായിരിക്കുകയാണ്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പ്രാബല്യത്തിൽ വരുന്നതിന് മുൻപ് ഉത്തരവിറക്കാത്തതിന് കാരണം ബോധിപ്പിക്കണമെന്ന് ഇന്നലെ മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ ആവശ്യപ്പെട്ടിരുന്നു.
കാര്‍ഷിക മൊറട്ടോറിയം നീട്ടിയത് വൈകിയതിൽ ഉദ്യോഗസ്ഥരുടെ നടപടികളിൽ മന്ത്രിസഭ യോഗത്തിൽ ഇന്ന് മന്ത്രിമാർ അതൃപ്തി അറിയിച്ചു. സര്‍ക്കാരിന്‍റെ ഉത്തരവ് ഇറക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഉദ്യോഗസ്ഥർ തന്നെ മറുപടി നൽകണമെന്നും തങ്ങൾക്ക് ഉത്തരവാദിത്വമില്ലെന്നുമാണ് മന്ത്രിമാരുടെ നിലപാട്.
