ഭോപ്പാല്‍: വിവാഹം കഴിക്കാതെ ഒരുമിച്ച് താമസിക്കുന്ന പങ്കാളിയെ കൊന്ന് വീടിനുള്ളില്‍ സ്മാരകമൊരുക്കിയ യുവാവ് സ്വന്തം മാതാപിതാക്കളെയും സമാനരീതിയില്‍ കൊലപ്പെടുത്തി വീടിനുള്ളില്‍ ഒളിപ്പിച്ചതായി വെളിപ്പെടുത്തല്‍. പശ്ചിമ ബംഗാള്‍ സ്വദേശിയായ ആകാന്‍ക്ഷയെ കാണാതായതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് മധ്യപ്രദേശ് സ്വദേശി ഉദയ് ദാസിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്.

ഓണ്‍ലൈന്‍ വഴി പരിചയപ്പെട്ട ഉദയ്‌ക്കൊപ്പം വിവാഹം കഴിക്കാതെ ഒരുമിച്ച് താമസിക്കുകയായിരുന്നു ആകാന്‍ക്ഷ. അമേരിക്കയില്‍ ജോലി ശരിയായിട്ടുണ്ടെന്ന് പറഞ്ഞാണ് ആകാന്‍ക്ഷ സ്വന്തം വീട്ടില്‍ നിന്നിറങ്ങി ഏഴുമാസം മുമ്പ് ഉദയ്‌ക്കൊപ്പം താമസമാക്കിയത്. കുറച്ചു നാളായി മകളെക്കുറിച്ച് വിവരമൊന്നുമില്ലാത്തതിനാല്‍ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയത്. യുവതിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് യുവതി ഉദയ്‌ക്കൊപ്പം താമസിച്ചിരുന്നതായി കണ്ടെത്തിയത്. തുടര്‍ന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്.

യുവതി മറ്റൊരാളുമായി നിരന്തരം ഫോണില്‍ സംസാരിക്കുന്നത് സംബന്ധിച്ച തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ശ്വാസം മുട്ടിച്ചാണ് ഇയാള്‍ ആകാന്‍ക്ഷയെ കൊലപ്പെടുത്തിയത്. കൊലപാതക വിവരം പുറത്തറിയാതിരിക്കാന്‍ വീടിനുള്ളില്‍ തന്നെ യുവതിയെ അടക്കുകയായിരുന്നു. ശവകുടീരം പോലെ സിമന്റ് തറയൊരുക്കി അതിനുള്ളിലാണ് ഇയാള്‍ മൃതദേഹം ഒളിപ്പിച്ചിരുന്നത്. തന്റെ ജീവിത്തില്‍ ഇടപെട്ടതിനാല്‍ സമാന രീതിയില്‍ സ്വന്തം മാതാപിതാക്കളെയും പ്രതി കൊലപ്പെടുത്തി വീടിനുള്ളില്‍ ഒളിപ്പിച്ചിരുന്നു. 2011 ലാണ് അച്ഛന്‍ വിജേന്ദ്ര ദാസിനെയും അമ്മ ഇന്ദ്രാണിയെയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി മൃതദേഹം വീട്ടിനുള്ളില്‍ ഒളിപ്പിച്ചത്.
