കാനഡ: മലയാളി വിദ്യാര്‍ത്ഥി കാനഡയില്‍ മുങ്ങി മരിച്ചു. കാനഡയിലെ യൂണിവേഴ്സിറ്റി ഓഫ് ടൊറന്റോയിലെ രണ്ടാം വര്‍ഷ സിവില്‍ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയായ തിരുവനന്തപുരം സ്വദേശി ആനന്ദ് ബൈജു (18) വാണ് മരിച്ചത്. നീറമണ്‍കര ശങ്കര്‍ നഗറില്‍ രാഗംവീട്ടില്‍ ബൈജു നാരായണന്റെയും ശ്രീജ ബൈജുവിന്റെയും മകനാണ് ആനന്ദ്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചിനാണ് അപകടം. പഠനത്തിന്റെ ഭാഗമായി ഹാലിബര്‍ട്ടനിലെ മിന്‍ഡനില്‍ ഗള്‍ തടാകത്തിനു സമീപം സര്‍വകലാശാലയുടെ സര്‍വേ ക്യാംപില്‍ എത്തിയതായിരുന്നു ആനന്ദ്. സഹപാഠികളായ അന്‍പതിലേറെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പമാണ് എത്തിയത്. കഴുത്തറ്റം വെള്ളമുണ്ടായിരുന്ന ഭാഗത്തു ഫ്‌ളോട്ടിങ് ഡെക്കില്‍ പിടിച്ചു നില്‍ക്കുമ്പോള്‍ കൈ വഴുതിപ്പോയതാകാമെന്നു സഹപാഠികള്‍ പറയുന്നു.
ചൊവ്വാഴ്ച വൈകുന്നേരം അപകടത്തില്‍പ്പെട്ട ആനന്ദിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആനന്ദിനു നീന്തല്‍ അറിയില്ലായിരുന്നെന്നു ബന്ധുക്കള്‍ പറയുന്നു. ലൈഫ് ഗാര്‍ഡിന്റെ സഹായവും മേഖലയില്‍ സര്‍വകലാശാല ഏര്‍പ്പെടുത്തിയിരുന്നില്ല. എന്നാല്‍, ആരും തടാകത്തില്‍ ഇറങ്ങരുതെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നില്ലെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. പരിശീലനത്തിന് ശേഷം വിദ്യാര്‍ത്ഥികള്‍ക്ക് നീന്തലിന് പോകേണ്ടിയിരുന്നെങ്കില്‍ ജീവന്‍രക്ഷാ ഉപകരണങ്ങള്‍ നല്‍കേണ്ടിയിരുന്നില്ലേ എന്നും ബന്ധുക്കള്‍ ചോദിക്കുന്നു. അപകടത്തെ കുറിച്ച് കനേഡിയന്‍ പൊലീസ് അന്വേഷണം നടത്തി വരികയാണ്. സംസ്‌കാരം പിന്നീട് ടൊറന്റോയില്‍ നടക്കും.
കാനഡയില്‍ മലയാളി വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു