കാനം രാജേന്ദ്രനും മന്ത്രി തോമസ് ചാണ്ടിയും ഒരേവേദിയില്‍; തനിക്കെതിരെ ചെറുവിരല്‍ പോലും അനക്കാന്‍ ഒരു അന്വേഷണസംഘത്തിനും കഴിയില്ലെന്ന് ചാണ്ടിയുടെ വെല്ലുവിളി

  • Post category:news
  • Reading time:2 mins read
You are currently viewing കാനം രാജേന്ദ്രനും മന്ത്രി തോമസ് ചാണ്ടിയും ഒരേവേദിയില്‍; തനിക്കെതിരെ ചെറുവിരല്‍ പോലും അനക്കാന്‍ ഒരു അന്വേഷണസംഘത്തിനും കഴിയില്ലെന്ന് ചാണ്ടിയുടെ വെല്ലുവിളി

കുട്ടനാട്: ഭൂമി കയ്യേറ്റ വിവാദങ്ങള്‍ക്കിടെ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ഗതാഗതമന്ത്രി തോമസ് ചാണ്ടിയും ഒരേ വേദിയില്‍. കാനം നയിക്കുന്ന ജനജാഗ്രത യാത്രയുടെ കുട്ടനാട്ടിലെ സ്വീകരണ യോഗത്തിലാണ് തോമസ് ചാണ്ടി അധ്യക്ഷനായി പങ്കെടുത്തത്. യാത്രയ്ക്ക് ആശംസ അറിയിക്കാന്‍ എത്തിയ മന്ത്രി വേദിയില്‍ ഭൂമി കയ്യേറ്റ വിഷയത്തില്‍ പ്രതിപക്ഷത്തെ വീണ്ടും വെല്ലുവിളിച്ചു. ചടങ്ങില്‍ സംസാരിക്കുന്നതിനിടെ കാനത്തിനെതിരെ ഒളിയമ്പെയ്യാനും തോമസ് ചാണ്ടി മറന്നില്ല. തനിക്കെതിരെ ചെറുവിരല്‍ പോലും അനക്കാന്‍ ഒരു അന്വേഷണസംഘത്തിനും ആകില്ല. കയ്യേറ്റം കണ്ടെത്തി തെളിയിക്കണം. തെളിയിച്ചാല്‍ മന്ത്രിസ്ഥാനവും എം.എല്‍.എ സ്ഥാനവും രാജിവെക്കും. കാര്യങ്ങള്‍ മനസിലാകാത്തവര്‍ക്ക് വേണ്ടിയാണ് വിശദീകരണമെന്നും തോമസ് ചാണ്ടി പറഞ്ഞു.നിയമസഭയില്‍ പ്രതിപക്ഷ നേതാവിന്റെ മുഖത്ത് നോക്കി തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളുടെ പേരില്‍ നടത്തിയ വെല്ലുവിളി ഇതുവരെ അവര്‍ സ്വീകരിച്ചിട്ടില്ലെന്നും അന്വേഷണത്തില്‍ തനിക്കെതിരെ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും മന്ത്രി പറഞ്ഞു. സ്വകാര്യ വാര്‍ത്താ ചാനലിലെ ഉന്നതനാണ് തനിക്കെതിരെ ഉയര്‍ന്ന ഭൂമി കയ്യേറ്റ വാര്‍ത്തകള്‍ക്ക് പിന്നിലെന്നും തോമസ് ചാണ്ടി ആരോപിച്ചു. മൂന്നര വര്‍ഷം കഴിയുമ്പോള്‍ മുഖ്യമന്ത്രി സ്ഥാനം ലഭിക്കുമെന്ന് കരുതി കോണ്‍ഗ്രസില്‍ ഒരുപാട് പേര്‍ ഉടുപ്പ് തയാറാക്കി വച്ചിട്ടുണ്ട്. എന്നാല്‍ അടുത്ത 15 വര്‍ഷത്തേക്ക് പിണറായി വിജയന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായി തുടരുമെന്നും കോണ്‍ഗ്രസിന് എല്‍.ഡി.എഫ് സര്‍ക്കാരിനെ തകര്‍ക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുമ്പോള്‍ കേരളത്തില്‍ വീടും കക്കൂസും ഇല്ലാത്ത ഒരു കുടുംബം പോലും കാണില്ലെന്നും തോമസ് ചാണ്ടി കൂട്ടിച്ചേര്‍ത്തു.മെത്രാന്‍ കായലും മാര്‍ത്താണ്ഡം കായലും അടക്കമുള്ളവ കണ്ടിട്ടുപോലും ഇല്ലാത്തവര്‍ അന്ധന്‍ ആനയെക്കണ്ടതുപോലെയാണ് ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും തോമസ് ചാണ്ടി പറഞ്ഞു. എന്നാല്‍, ചടങ്ങില്‍ സംസാരിച്ച കാനം രാജേന്ദ്രന്‍ മന്ത്രിയെ തിരുത്തി. പ്രതിരോധിക്കാനും വെല്ലുവിളിക്കാനുമല്ല ജനജാഗ്രതായാത്ര നടത്തുന്നതെന്ന് കാനം വ്യക്തമാക്കി. കേന്ദ്രസര്‍ക്കാരിനും ബി.ജെ.പിക്കുമെതിരെ രൂക്ഷ വിമര്‍ശവും കാനം ഉന്നയിച്ചു. കായല്‍ കയ്യേറ്റ വിഷയത്തില്‍ ശക്തമായ നിലപാടാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും റവന്യൂമന്ത്രിയും സ്വീകരിച്ചിരുന്നത്. നിയമം കാനം രാജേന്ദ്രനും തോമസ് ചാണ്ടിക്കും ഒന്നുതന്നെയാണെന്ന് കാനം നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. കായല്‍ കൈയേറ്റ വിഷയത്തില്‍ കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെങ്കില്‍ നടപടിയും ഉണ്ടാവുമെന്നും കാനം വ്യക്തമാക്കിയിരുന്നു.

 

0Shares