
മാസങ്ങള്‍ക്ക് മുന്‍പ് കാണാതായ 57-കാരനെ വളര്‍ത്തുനായ്ക്കള്‍ ചേര്‍ന്ന് തിന്നുതീര്‍ത്തു. യു.എസിലെ ടെക്സാസില്‍ താമസിക്കുന്ന ഫ്രെഡി മാക്ക് എന്നയാളെയാണ് 18 വളര്‍ത്തുനായ്ക്കള്‍ ചേര്‍ന്ന് ഭക്ഷിച്ചതെന്ന് പോലീസ് കണ്ടെത്തിയിരിക്കുന്നത്. അതേസമയം, നായ്ക്കള്‍ ഇയാളെ കൊന്നുതിന്നതാണോ എന്നതില്‍ ഇതുവരെ വ്യക്തതയില്ല. ടെക്സാസിലെ വീനസില്‍ ഒറ്റപ്പെട്ട സ്ഥലത്തായിരുന്നു ഫ്രെഡിയുടെ താമസം. 18 വളര്‍ത്തുനായ്ക്കളും ഫ്രെഡിയും മാത്രമാണ് ഇവിടെയുണ്ടായിരുന്നത്. ര
ണ്ടാഴ്ചയിലൊരിക്കല്‍ ബന്ധുക്കളോടൊപ്പം പുറത്തുപോകുന്ന ഫ്രെഡിയെ ദിവസങ്ങള്‍ കഴിഞ്ഞിട്ടും കാണാത്തതിനാലാണ് പോലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ പലതവണ ഫ്രെഡിയുടെ വീട്ടുവളപ്പില്‍ കയറി പരിശോധിക്കാന്‍ ശ്രമിച്ചെങ്കിലും വളര്‍ത്തുനായ്ക്കള്‍ സമ്മതിച്ചില്ല. ആദ്യം ബന്ധുക്കള്‍ വീട്ടുവളപ്പില്‍ കയറാന്‍ ശ്രമിച്ചെങ്കിലും വളര്‍ത്തുനായ്ക്കള്‍ ഇവര്‍ക്കുനേരെ തിരിഞ്ഞതിനാല്‍ പിന്‍വാങ്ങി. തുടര്‍ന്നാണ് പോലീസ് സംഘം പരിശോധനയ്ക്കായുള്ള ശ്രമങ്ങള്‍ തുടങ്ങിയത്.

അന്വേഷണത്തിന്‍റെ ഭാഗമായി ഫ്രഡിയുടെ ബന്ധുക്കളെയും സമീപപ്രദേശത്ത് താമസിക്കുന്നവരെയും പോലീസ് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ഫ്രെഡിയുടെ വീട്ടുവളപ്പില്‍നിന്ന് പോലീസ് സംഘത്തിന് മനുഷ്യന്‍റെ എല്ലുകളുടെ അവശിഷ്ടങ്ങള്‍ ലഭിച്ചത്. തുടര്‍ന്ന് നടത്തിയ വിശദ പരിശോധനയില്‍ കൂടുതല്‍ എല്ലിന്‍കഷണങ്ങള്‍ കണ്ടെത്തി. ഇതെല്ലാം പോലീസ് സംഘം ശേഖരിക്കുകയും ഡി.എന്‍.എ. പരിശോധനയ്ക്ക് അയക്കുകയും ചെയ്തു.
ഇതിനുപിന്നാലെയാണ് പോലീസിനെ ഞെട്ടിച്ച് നായ്ക്കളുടെ വിസര്‍ജ്യത്തില്‍നിന്ന് മനുഷ്യന്‍റെ തലമുടി കണ്ടെടുത്തത്. മാത്രമല്ല, ഫ്രെഡിയുടെ വസ്ത്രത്തിന്റെ അവശിഷ്ടങ്ങളും വിസര്‍ജ്യത്തില്‍നിന്ന് കണ്ടെടുത്തു. ഇതോടെ ഫ്രെഡിയെ വളര്‍ത്തുനായ്ക്കള്‍ ഭക്ഷിച്ചതാകുമെന്ന സംശയം ബലപ്പെട്ടു. കഴിഞ്ഞ ചൊവ്വാഴ്ച എല്ലിന്‍കഷ്ണങ്ങളുടെ ഡി.എന്‍.എ. പരിശോധനഫലം പുറത്തുവന്നതോടെ ഇക്കാര്യം സ്ഥീകരികരിച്ചു.
അതേസമയം, വളര്‍ത്തുനായ്ക്കള്‍ ഫ്രെഡിയെ കൊന്നുതിന്നതാണോ എന്നതില്‍ ഇതുവരെ വ്യക്തതയില്ല. ഒരുപക്ഷേ, സ്വഭാവികമായി മരണപ്പെട്ട ഫ്രെഡിയുടെ മൃതദേഹം വളര്‍ത്തുനായ്ക്കള്‍ ഭക്ഷിച്ചതായിരിക്കാമെന്നാണ് പോലീസിന്‍റെ നിഗമനം. ഫ്രെഡിയുടെ ആകെയുണ്ടായിരുന്ന 18 നായ്ക്കളില്‍ രണ്ടെണ്ണത്തിനെ മറ്റുനായ്ക്കള്‍ ചേര്‍ന്ന് കൊന്നുതിന്നിരുന്നു. 16 നായ്ക്കളെ പിന്നീട് പോലീസ് പിടിച്ചെടുത്തിരുന്നു. ഇതില്‍ ആക്രമണസ്വഭാവം പ്രകടിപ്പിച്ചിരുന്ന 13 എണ്ണത്തിനെ കൊന്നു.
