ചെന്നൈ: കാഞ്ചി ശങ്കരാചാര്യ ജയേന്ദ്ര സരസ്വതി സമാധിയായി. 82 വയസ്സായിരുന്നു. കഴിഞ്ഞ ഞായറാഴ്ച അസുഖത്തെ തുടര്‍ന്ന് ചെന്നൈ രാമചന്ദ്ര ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അവിടെവെച്ച് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. കഴിഞ്ഞ മാസം 15ന് ശ്വാസതടസ്സത്തെ തുടര്‍ന്ന് തളര്‍ന്നുവീണ അദ്ദേഹത്തെ ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കാഞ്ചി കാമകോടി പീഠത്തെ അറുപത്തിയൊമ്പാതാമത്തെ സ്ഥാനപതിയാണ് അദ്ദേഹം. 1935 ജുലൈ 18നായിരുന്നു ജനനം. റയില്‍വേ ഉദ്യോഗസ്ഥനായിരുന്ന മഹാദേവയ്യരുടെ മകനായിരുന്നു സുബ്രഹ്മണ്യനെന്ന ജയേന്ദ്ര സരസ്വതി. വേദാധ്യയനം കഴിഞ്ഞു 19-ാം വയസ്സില്‍ സുബ്രഹ്മണ്യന് ജയേന്ദ്ര സരസ്വതിയായി സന്യാസ ജീവിതത്തിലേക്കു കാല്‍വച്ചു. 1954 മാര്‍ച്ച് 22നാണ് ആദിശങ്കരന് ഭാരതപര്യടനം കഴിഞ്ഞു വന്നു വിശ്രമിച്ച കാഞ്ചിയിലെ മുക്തിമണ്ഡപത്തില്‍ ഗുരുവില്‍നിന്നു ജയേന്ദ്ര സരസ്വതി മന്ത്രദീക്ഷ സ്വീകരിച്ചത്. ആദിശങ്കരനുശേഷം ആദ്യമായി കൈലാസവും മാനസസരോവറും സന്ദര്‍ശിച്ച കാഞ്ചി മഠാധിപതിയാണു ജയേന്ദ്രസരസ്വതി.
1970ല്‍ കാഞ്ചീപുരത്തുനിന്നു നടന്നു നേപ്പാള്‍വരെ പോയി. 1994 ല്‍ ആണ് അദ്ദേഹം മഠാധിപതിയായി ചുമതലയേറ്റത്. 1954മുതല്‍ നാല്പതു വര്‍ഷത്തോളം കാഞ്ചി മഠത്തിന്റെ ഇളയ മഠാധിപതിയായിരുന്നു അദ്ദേഹം. 2005 ല്‍ കാഞ്ചി മഠത്തിന്റെ ഓഡിറ്ററായിരുന്ന ശങ്കരരാമന്റെ വധവുമായി ബന്ധപ്പെട്ട കേസില്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു. 2013ല്‍ പുതുശ്ശേരിയിലെ പ്രത്യേക വിചാരണ കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയിരുന്നു. കാലടിയിലെ കീര്‍ത്തിസ്തംഭം, അലഹാബാദിലെ ആദിശങ്കര വിമാനമണ്ഡപം, കാഞ്ചി കാമാക്ഷി അമ്മന്‍ ക്ഷേത്ര ഗോപുരം, കാഞ്ചി വരദരാജസ്വാമി ക്ഷേത്രത്തിലെ പഴയ തേരുപുതുക്കല്‍, ഏനത്തൂരില്‍ അറുപതടി ഉയരമുള്ള ശങ്കരപ്രതിമ, ഗുരു ചന്ദ്രശേഖരസരസ്വതിയുടെ പേരിലുള്ള വിശ്വമഹാവിദ്യാലയമെന്ന കല്പിത സര്‍വകലാശാല, കോയമ്പത്തൂരിലെയും ഗുവാഹത്തിയിലേയും ശങ്കര നേത്രചികിത്സാലയങ്ങള്‍, നസ്റേത്ത്പേട്ടില്‍ ജയേന്ദ്രസരസ്വതി ആയുര്‍വേദ കോളജ്, ഗുവാഹത്തിയിലെ തിരുപ്പതി ബാലാജി ക്ഷേത്രം ഇവയൊക്കെ സ്വാമിയുടെ നേട്ടങ്ങളാണ്.
കാഞ്ചി ശങ്കരാചാര്യ ജയേന്ദ്ര സരസ്വതി സമാധിയായി