കസ്റ്റഡിയിലെടുത്തയാളില്‍ മൂന്നാം മുറ പ്രയോഗം; നിശാന്തിനിയടക്കം ആറു പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്

  • Post category:news
  • Reading time:1 min read
You are currently viewing കസ്റ്റഡിയിലെടുത്തയാളില്‍ മൂന്നാം മുറ പ്രയോഗം; നിശാന്തിനിയടക്കം ആറു പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്

തിരുവനന്തപുരം: കസ്റ്റഡിയിലെടുത്തയാളെ മൂന്നാം മുറപ്രയോഗിച്ച് ക്രൂരമായി മര്‍ദിച്ചതിന് ഐ. പി. എസ്. ഉദ്യോഗസ്ഥയായ ആര്‍. നിശാന്തിനിയടക്കം ആറു പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ വകുപ്പുതല നടപടിയെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്ന് ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരുന്ന നളിനി നെറ്റോ ഈ കേസുമായി ബന്ധപ്പെട്ട എല്ലാവരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ച ശേഷമാണ് നടപടിയുണ്ടായത്. തൊടുപുഴ യൂണിയന്‍ ബാങ്കില്‍ സീനിയര്‍ മാനേജരായിരുന്ന പെഴ്‌സി ജോസഫ് ഡെസ്മണ്ടിന്റെ പരാതിയില്‍ ആണ് നടപടി.

2011 ജൂലായ് 26- നാണ് കേസിനാസ്​പദമായ സംഭവം. ബാങ്കില്‍ വാഹന വായ്പയ്‌ക്കെത്തിയ പോലീസുകാരിയായ വി. ഡി. പ്രമീളയോട് പെഴ്‌സി ജോസഫ് മോശമായി പെരുമാറിയെന്നായിരുന്നു ആരോപണം. തുടര്‍ന്ന് അന്ന് തൊടുപുഴ എ. എസ്. പി.യായിരുന്ന നിശാന്തിനിയുടെ ഓഫീസിലേക്കു വിളിച്ചുവരുത്തിയ പെഴ്‌സിയെ ഇവര്‍ ക്രൂരമായി മര്‍ദിച്ചെന്നായിരുന്നു പരാതി. ബാക്കിയുള്ളവര്‍ ആ സമയത്ത് സ്റ്റേഷനില്‍ ഉണ്ടായിരുന്നവരാണ്. വാഹന വായ്പയ്ക്ക് ചെന്ന തന്റെ കൈയില്‍ കയറിപ്പിടിച്ചെന്നും രേഖകളുമായി വീട്ടിലേക്ക് ചെല്ലാന്‍ ക്ഷണിച്ചെന്നുമായിരുന്നു പോലീസുകാരിയായ പ്രമീളയുടെ പരാതി.

ഇത് വിശ്വസനീയമല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതൊരു കെണിയായിരുന്നുവെന്ന കാര്യം തള്ളിക്കളയാനാവില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. നിശാന്തിനിയുടെ മൊഴിയിലും പൊരുത്തക്കേടുണ്ട്. പ്രഥമവിവര റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്യും മുമ്പേ പെഴ്‌സിയെ കസ്റ്റഡിയില്‍ എടുത്തിരുന്നു. വനിത സിവില്‍ പോലീസ് ഓഫീസറായ വി. ഡി. പ്രമീള, പോലീസ് ഡ്രൈവര്‍ ടി. എം. സുനില്‍, സീനിയര്‍ സി. പി. ഒ. കെ. എ. ഷാജി, സി. പി. ഒ. നൂര്‍ സമീര്‍ എന്നിവര്‍ക്കെതിരേയാണ് നടപടിയുണ്ടാകുക. തൊടുപുഴ എസ്. ഐ.യായിരുന്ന കെ. വി. മുരളീധരന്‍ വിരമിച്ചെങ്കിലും ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിയാനാകില്ലെന്നും സര്‍വീസ് നിയമങ്ങള്‍ പ്രകാരമുള്ള നടപടിയെടുക്കാനും അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നു.

0Shares