തിരുവനന്തപുരം: സോഷ്യല്‍ മീഡിയയിലെ തുറന്നെഴുത്തുകളിലൂടെ പ്രശസ്തയായ അദ്ധ്യാപികയും എഴുത്തുകാരിയുമായ ദീപാ നിശാന്തിനെതിരെ ഉയര്‍ന്ന കവിത മോഷണ ആരോപണം ഇപ്പോള്‍ എല്ലാവരുടെയും ചര്‍ച്ചാ വിഷയമായിരിക്കുകയാണ്. സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവര്‍ ഇതിനെതിരെ പ്രതികരണവുമായി സോഷ്യല്‍ മീഡിയിയില്‍ രംഗത്തെത്തിയിട്ടുണ്ട്. അതേസമയം ആരോപണം നേരിടുന്ന ദീപ നിശാന്തിനെതിരെയും എം.ജെ ശ്രീചിത്രനെതിരെയും നിശിതമായി വിര്‍ശിച്ചിരിക്കുകയാണ് അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനുമായ എ. ജയശങ്കര്‍. സാംസ്‌കാരിക നായികയ്ക്ക് കുറ്റം സ്വയമേറ്റ് നായകനെ രക്ഷിക്കാമായിരുന്നു. ആ മര്യാദയും കാണിച്ചില്ല. ഞാനോ മുങ്ങി, നീയും മുങ്ങണം എന്ന പ്രതികാര മനോഭാവം കൈക്കൊണ്ടു. അങ്ങനെ നായികക്കൊപ്പം നായകനും കുടുങ്ങുകയായിരുന്നെന്ന് ജയശങ്കര്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജയശങ്കറിന്റെ പ്രതികരണം.
ഇഷ്ടപ്പെട്ട ഒരു കവിത പകര്‍ത്തി എഴുതുക, മനസിനിണങ്ങിയ ഒരു കൂട്ടുകാരിക്ക് അത് അയച്ചു കൊടുക്കുക, അവള്‍ ‘ഇതാരെഴുതിയതാണ്’ എന്നു ചോദിക്കുമ്പോള്‍ വെറുതെ ഒരു ഗമയ്ക്ക് ‘ഞാന്‍ പണ്ട് പ്രീഡിഗ്രിക്ക് പഠിക്കുമ്പോള്‍ കുത്തിക്കുറിച്ചതാണ്’ എന്ന് പുളു പറയുക, ‘ഇത് ഞാന്‍ എടുത്തോട്ടേ’ എന്നവള്‍ ചോദിക്കുമ്പോള്‍ ‘അതിനെന്താ’ എന്നു മഹാമനസ്‌കത പ്രകടിപ്പിക്കുക ഇതൊന്നും ഇന്ത്യന്‍ പീനല്‍ കോഡ് പ്രകാരം കുറ്റകരമല്ല. പാര്‍ട്ടി ഭരണഘടന അനുസരിച്ച് തീവ്രത കൂടിയ പീഡനവുമല്ല- ജയശങ്കര്‍ പറഞ്ഞു.
ഫേസ് ബുക്കിലെ പൂര്‍ണരൂപം
ചില്ലുമേടയിലിരുന്നെന്നെ
കല്ലെറിയല്ലേ…കല്ലെറിയല്ലേ
ഇഷ്ടപ്പെട്ട ഒരു കവിത പകര്‍ത്തി എഴുതുക, മനസ്സിനിണങ്ങിയ ഒരു കൂട്ടുകാരിക്ക് അത് അയച്ചു കൊടുക്കുക, അവള്‍ ‘ഇതാരെഴുതിയതാണ്’ എന്നു ചോദിക്കുമ്പോള്‍ വെറുതെ ഒരു ഗമയ്ക്ക് ‘ഞാന്‍ പണ്ട് പ്രീഡിഗ്രിക്ക് പഠിക്കുമ്പോള്‍ കുത്തിക്കുറിച്ചതാണ്’ എന്ന് പുളു പറയുക, ‘ഇത് ഞാന്‍ എടുത്തോട്ടേ’ എന്നവള്‍ ചോദിക്കുമ്പോള്‍ ‘അതിനെന്താ’ എന്നു മഹാമനസ്‌കത പ്രകടിപ്പിക്കുക- ഇതൊന്നും ഇന്ത്യന്‍ പീനല്‍ കോഡ് പ്രകാരം കുറ്റകരമല്ല. പാര്‍ട്ടി ഭരണഘടന അനുസരിച്ച് തീവ്രത കൂടിയ പീഡനവുമല്ല.
വിശ്വസിച്ചു കവിത വാങ്ങിയ കൂട്ടുകാരി സ്വന്തം പേരില്‍ അത് പ്രസിദ്ധീകരിച്ചതും ചില കുബുദ്ധികള്‍ അതു കണ്ടുപിടിച്ചു കുണ്ടാമണ്ടിയാക്കിയതും കാലദോഷമെന്നേ പറയാവൂ.
ആ ഘട്ടത്തില്‍, സാംസ്‌കാരിക നായികയ്ക്ക് കുറ്റം സ്വയമേറ്റ് നായകനെ രക്ഷിക്കാമായിരുന്നു. ആ മര്യാദയും കാണിച്ചില്ല. ഞാനോ മുങ്ങി, നീയും മുങ്ങണം എന്ന പ്രതികാര മനോഭാവം കൈക്കൊണ്ടു. അങ്ങനെ നായികക്കൊപ്പം നായകനും കുടുങ്ങി.
കുടിപ്പളളിക്കൂടത്തില്‍ കൂടെ പഠിച്ചവര്‍ മുതല്‍ നായകനെതിരെ ആരോപണവുമായി രംഗത്തുവന്നു കഴിഞ്ഞു. പ്രളയാനന്തര കേരളത്തില്‍ നവോത്ഥാന നായകന്‍ നടത്തിയ കുതിച്ചു കയറ്റത്തില്‍ അസൂയ പൂണ്ടവരാണ് കുറച്ചു പേര്‍; നവോത്ഥാന മൂല്യങ്ങളെ തല്ലിക്കൊഴിക്കാന്‍ തുനിഞ്ഞിറങ്ങിയ വിരുദ്ധന്മാരാണ് ബാക്കിയുളളവര്‍.
ഈ ദുരാരോപണം കൊണ്ടൊന്നും നവോത്ഥാനത്തെ തളര്‍ത്താം എന്നാരും കരുതേണ്ട. ശബരിമലയില്‍ യുവതീ പ്രവേശനം ഉറപ്പാകും വരെ പോരാട്ടം തുടരും. അടുത്ത മകരവിളക്കിന് നായികാ നായകന്മാര്‍ കൈകോര്‍ത്തു പിടിച്ചു മലചവിട്ടും.
സ്വാമിയേ ശരണമയ്യപ്പ