
ഗുവാഹാട്ടി: എന്‍ഡിഎയുടെ കഴിഞ്ഞ മൂന്ന് വര്‍ഷത്തെ ഭരണത്തില്‍ ഏഷ്യയിലെ ഏറ്റവും അഴിമതിയുള്ള രാജ്യമായി ഇന്ത്യ മാറിയെന്ന് അണ്ണാ ഹസാരെ.കഴിഞ്ഞ അഞ്ചുമാസത്തിനിടെ 80,000 കോടിയോളം രൂപ ബിജെപിയുടെ ഖജനാവിലേക്ക് സംഭാവനയായി എത്തിയെന്നും അദ്ദേഹം ആരോപിച്ചു. ജന്‍ ലോക്പാല്‍ നിയമത്തിന് വേണ്ടി സമരം ആരംഭിക്കാന്‍ പോകുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഏഷ്യന്‍ രാജ്യങ്ങള്‍ക്കിടയില്‍ ഫോര്‍ബ്‌സ് മാസിക നടത്തിയ സര്‍വേ ഉദ്ധരിച്ചാണ് അദ്ദേഹം അസമിലെ ഗുവാഹാട്ടിയില്‍വെച്ച് ഇക്കാര്യം പറഞ്ഞത്. മന്‍മോഹന്‍സിങ്ങിന്റെ നേതൃത്വത്തിലുള്ള യു.പി.എ. സര്‍ക്കാര്‍ ലോക്പാല്‍ ദുര്‍ബലപ്പെടുത്തിയെന്നും, തുടര്‍ന്നുവന്ന എന്‍.ഡി.എ. സര്‍ക്കാര്‍ കൂടുതല്‍ ദുര്‍ബലപ്പെടുത്തിയെന്നും അദ്ദേഹം ആരോപിച്ചു. ‘കഴിഞ്ഞ മൂന്നുവര്‍ഷം ഞാന്‍ നിശബ്ദനായിരുന്നു. പക്ഷേ, ഇപ്പോള്‍ അവര്‍ക്കെതിരേ സംസാരിക്കാനുള്ള സമയം വന്നിരിക്കുന്നു. ജന്‍ ലോക്പാലിനും കര്‍ഷകര്‍ക്കും വേണ്ടി മറ്റൊരു ശക്തമായ മുന്നേറ്റം ഞാന്‍ ആരംഭിക്കാന്‍ പോകുന്നു.’ അദ്ദേഹം വ്യക്തമാക്കി.
‘പൊതുജനങ്ങള്‍ ഇപ്പോഴും പ്രശ്‌നങ്ങളില്‍ക്കിടന്ന് ഉഴലുകയാണ്. രാജ്യത്തെ കര്‍ഷകര്‍ യാതനകള്‍ അനുഭവിക്കുന്നു. കര്‍ഷകര്‍ക്ക് ബാങ്കുകള്‍ വായ്!പ നല്‍കുന്നുണ്ടെങ്കിലും, അവര്‍ക്ക് തോന്നിയ പലിശയാണ് ചുമത്തുന്നത്. റിസര്‍വ് ബാങ്ക് കര്‍ഷകര്‍ക്കായി നിശ്ചിത പലിശനിരക്ക് തീരുമാനിക്കണം. വിളകള്‍ക്ക് യഥാര്‍ഥവില ലഭിക്കാത്തതിനാല്‍ വായ്പ തിരിച്ചടക്കാന്‍ കര്‍ഷകര്‍ക്ക് സാധിക്കാതെ വരുന്നു. തുടര്‍ന്ന് അവര്‍ ആത്മഹത്യ ചെയ്യുന്നു’ അദ്ദേഹം പറഞ്ഞു.ഇക്കാര്യങ്ങളുന്നയിച്ച് പ്രധാനമന്ത്രിക്ക് താന്‍ മൂന്നുവര്‍ഷത്തിനിടയില്‍ 32 കത്തുകള്‍ അയച്ചെന്നും, എന്നാല്‍ ഒരു മറുപടിപോലും ലഭിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
