
അഭിമന്യു, രക്തം വീണ വഴിയിൽ ആ ചുണ്ടിലെപ്പോഴും മായാതെ നിന്നിരുന്ന ചിരി പോലൊരു വെയിൽ പരന്നുകിടക്കുന്നു. ‘വർഗീയത തുലയട്ടെ’ എന്ന‌് അവൻ അവസാനമായി കുറിച്ച മതിലിൽ ഉറഞ്ഞുപോയ കാഴ‌്ചയെ തിരിച്ചെടുക്കാനാകാതെ നിൽപ്പുണ്ട‌് ചിലർ. കല്ലേപ്പിളർന്ന മുദ്രാവാക്യങ്ങൾ മുഴങ്ങിയ മഹാരാജാസിലെ ഹൃദയം ഭേദിച്ച‌് ഇപ്പോഴും കേൾക്കാം ‘നാൻ പെറ്റ മകനെ’ എന്ന നിലവിളി. ഇടുക്കി ജില്ലയിലെ അതിർത്തി ഗ്രാമമായ വട്ടവടയിലെ കൊട്ടക്കാമ്പൂരിന്റെ പ്രിയപുത്രൻ അഭിമന്യു- ആ സ‌്മരണകൾ ഇന്ന‌് മതനിരപേക്ഷ കേരള ഹൃദയതാളമാണ‌്. തീവ്രവാദ രാഷ‌്ട്രീയ കഠാരമുന കുത്തിക്കെടുത്തിയ യുവപോരാളിയുടെ രക്തസാക്ഷിത്വത്തിന‌് ചൊവാഴ‌്ച ഒരാണ്ട‌് തികയുന്നു.
കേസിൽ ഇപ്പോഴും അന്വേഷണം നടക്കുന്നുണ്ടെങ്കിലും പ്രധാന പ്രതിയടക്കം രണ്ട് പ്രതികളെ പോലീസിന് ഇതുവരെ പിടികൂടാന്‍ സാധിച്ചിട്ടില്ല. കോളജിലെ ചുവരെഴുത്തുമായി ബന്ധപ്പെട്ട തർക്കമാണ് അഭിമന്യുവിനെ കൊലപ്പെടുത്തുന്നതിൽ എത്തിച്ചത്. കഴിഞ്ഞ വർഷം ജൂലൈ രണ്ടിന് പുലർച്ചെ 12.30 യോടെയാണ് സംഭവം നടന്നത്.

വട്ടവടയിലെ നിർധന കുടുംബാംഗമായ അഭിമന്യു ആക്രമണ ദിവസം രാത്രിയോടെയാണ് നാട്ടിൽ നിന്ന് പച്ചക്കറി കയറ്റിവന്ന ചരക്ക് ലോറിയിൽ കയറി കൊച്ചിയിലെത്തിയത്. പിറ്റേന്ന് ക്യാംപസിൽ കൊണ്ടുവന്ന ആ മൃതദേഹത്തിനു മുന്നിൽ ‘നാൻ പെറ്റ മകനെ..’ എന്ന അമ്മ ഭൂപതിയുടെ നിലവിളി കേരള മന:സാക്ഷിയുടെ മുഴുവൻ തേങ്ങലായി. എസ്.എഫ്.ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗമായിരുന്നു അഭിമന്യു.
അഭിമന്യുവിന്റെ സഹോദരിയുടെ വിവാഹത്തിന് നേതൃത്വം കൊടുത്തത് സി.പി.എം ഇടുക്കി ജില്ലാ കമ്മിറ്റിയാണ്. 10 ലക്ഷം രൂപയാണ് വിവാഹത്തിന് വേണ്ടി മാറ്റിവച്ചത്. വിവാഹത്തിനാവശ്യമായ ചിലവ് കഴിഞ്ഞ് ഇതിൽ ബാക്കിവന്ന ഒന്നര ലക്ഷം രൂപ സഹോദരിയുടെ പേരിൽ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചു. അതിന് പുറമെ വട്ടവടയ്ക്കടുത്തുള്ള കൊട്ടക്കാമ്പൂരില്‍ കുടുംബത്തിനായി പുതിയ വീട് സി.പി.എം നിർമിച്ച് നൽകിയിരുന്നു.
അഭിമന്യുവിന്റെ മാതാപിതാക്കളുടെ പേരിലും 25 ലക്ഷം രൂപ ബാങ്കിൽ നിക്ഷേപിച്ചിട്ടുണ്ട്. ബാക്കിയുള്ള തുക ഉപയോഗിച്ച് എറണാകുളത്ത് അഭിമന്യു സ്മാരകമായി വിദ്യാർഥി സേവന കേന്ദ്രം നിർമ്മിക്കാനാണ് പാർട്ടി തീരുമാനം. ഒന്നാം രക്തസാക്ഷി ദിനമായ ഇന്ന് കലൂർ-കതൃക്കടവ് റോഡിൽ ഇന്ന് സേവന കേന്ദ്രത്തിന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തറക്കല്ലിടും.
