മോസ്‌കൊ: ലോകകപ്പ് ഫുട്‌ബോളിലെ ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം. ആദ്യ മത്സരത്തില്‍ ഫ്രാന്‍സ് ഉറുഗ്വായെ നേരിടും. ഇന്ത്യന്‍ സമയം രാത്രി ഏഴരയ്ക്ക് നിഷ്‌നി സ്റ്റേഡിയത്തില്‍ വച്ചാണ് ആദ്യ ക്വാര്‍ട്ടര്‍ പോരാട്ടം. രണ്ടാം മത്സരത്തില്‍ ബ്രസീല്‍ കരുത്തരായ ബെല്‍ജിയവുമായാണ് ഏറ്റുമുട്ടുന്നത്. ഇന്ത്യന്‍ സമയവും രാത്രി 11.30-ന് കസാനില്‍ വച്ചാണ് രണ്ടാം ക്വാര്‍ട്ടര്‍ ഫൈനല്‍. ലോകകിരീടത്തിനായുള്ള പോരാട്ടത്തില്‍ ഇനി ശേഷിക്കുന്നത് എട്ട് ടീമുകള്‍. കിരീടം തിരികെപ്പിടിക്കാന്‍ ബ്രസീലും, ഫ്രാന്‍സും, ഇംഗ്ലണ്ടും, ഉറുഗ്വായും. കന്നികിരീടത്തിലേക്ക് നോട്ടമിട്ട് ബല്‍ജിയം, ക്രൊയേഷ്യ, സ്വീഡന്‍, ഒപ്പം ആതിഥേയരായ റഷ്യയും. ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ തുടങ്ങാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ആരാധകരുടെ പ്രിയ ടീമുകളായ അര്‍ജന്റീനയെയും പോര്‍ചുഗലിനെയും അട്ടിമറിച്ചാണ് മുന്‍ചാമ്പ്യന്മാരായ ഫ്രാന്‍സിന്റെയും യുറഗ്വയുടെയും വരവ്. ക്യാപ്റ്റന്‍ ഡീഗോ ഗോഡിന്‍ നേതൃത്വം നല്‍കുന്ന പ്രതിരോധനിര തന്നെയാണ് ഉറുഗ്വെ ടീമിന്റെ ശക്തി. എന്നാല്‍ പരിക്കിന്റെ പിടിയിലായ കവാനി ഫ്രാന്‍സിനെതിരെ കളിക്കുമോ എന്ന് വ്യക്തമല്ല. മൂന്നു ഗോളുകളുമായി മിന്നും ഫോമിലുള്ള യുവതാരം കിലിയന്‍ എംബാപ്പെയില്‍ തന്നെയാണ് ഫ്രഞ്ച് പടയുടെ വിശ്വാസം. അതുകൊണ്ട് തന്നെ ഏതെങ്കിലും ഒരു ഒരു മുന്‍ചാമ്പ്യന്‍ പുറത്താകും എന്നത് ഈ മത്സരത്തിന്റെ ആവേശം കൂട്ടുന്നു.
കിരീട സാധ്യതകളില്‍ മുന്നില്‍ നില്‍ക്കുന്ന ബ്രസീല്‍ തുടര്‍ച്ചയായ എട്ടാം തവണയാണ് ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലെത്തുന്നത്. പ്രീ- ക്വാര്‍ട്ടറില്‍ മെക്‌സിക്കോയെ തോല്‍പിച്ചാണ് ബ്രസീലിന്റെ ക്വാര്‍ട്ടര്‍ പ്രവേശം. എന്നാല്‍ എഷ്യന്‍ ടീമായ ജപ്പാനെ ഇന്‍ജുറി സമയത്തെ ഗോളില്‍ മറികടന്നാണ് ബെല്‍ജിയം ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. പ്രീക്വാര്‍ട്ടറില്‍ ജപ്പാനെതിരെ രണ്ട് ഗോളുകള്‍ക്ക് പിന്നില്‍ നിന്ന ശേഷം മൂന്ന് ഗോളടിച്ചാണ് ബെല്‍ജിയം ക്വാര്‍ട്ടറില്‍ കയറിയത്. ടൂര്‍ണമെന്റില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ ടീമാണ് ബെല്‍ജിയം.
കലാശ പോരാട്ടത്തിന് ഇനി മണിക്കൂറുകള്‍ മാത്രം; ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം