കലാഭവന്‍ മണിയുടെ വേര്‍പാടിന് ഇന്ന് ഒരാണ്ട്.

  • Post category:news
  • Reading time:2 mins read
You are currently viewing കലാഭവന്‍ മണിയുടെ വേര്‍പാടിന് ഇന്ന് ഒരാണ്ട്.

 ആലപ്പുഴ: അതുല്യ കലാകാരന്‍ കലാഭവന്‍ മണിയുടെ മരിക്കാത്ത ഓര്‍മ്മകള്‍ക്ക് മുന്നില്‍ കേരളം ഇന്ന് പ്രണമിക്കുന്നു.  ഇനിയും തെളിയാത്തൊരു മരണത്തിന്റെ ദുരൂഹത ബാക്കിയാക്കിയാണ് കലാഭവന്‍ മണിയുടെ ഓര്‍മ്മയ്ക്ക് ഇന്ന് ഒരാണ്ട് തികയുന്നത്. മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടംപിടിച്ച ഈ ചാലക്കുടിക്കാരന്റെ മരണം ഉത്തരം കിട്ടാതെ അവശേഷിക്കുമ്പോള്‍ കൊലപാതകമോ ആത്മഹത്യയോ സ്വാഭാവിക മരണമോ എന്ന് സ്ഥിരീകരിക്കാനാവാതെ അന്വേഷണം അവസാനിപ്പിക്കുകയാണ് പ്രത്യേക അന്വേഷണ സംഘം ചെയ്തത്. സിബിഐയ്ക്ക് വിട്ടെങ്കിലും കേസ് അവരും ഏറ്റെടുത്തിട്ടില്ല. മണിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയ ചാലക്കുടിയിലെ പാടിയില്‍ നിന്നും കൊച്ചിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലെത്തിച്ചതിന്റെ തൊട്ടടുത്ത ദിവസം അദ്ദേഹം മരണത്തിന് കീഴടങ്ങുകയായിരുന്നു. എന്നാല്‍ ദക്ഷിണേന്ത്യ മുഴുവനും കരഞ്ഞ മണിയുടെ വേര്‍പാട് അദ്ദേഹം അഭിനയിച്ച ചിത്രങ്ങള്‍ കണ്ടുകൊണ്ടിരുന്നാലും തീരുന്നതല്ല. പൊതു സമൂഹത്തിലെ സാധാരണ മനുഷ്യന്റെ പ്രാതിനിധ്യങ്ങളെ അവതരിപ്പിച്ചും സ്വന്തം ദേശത്തെ ആള്‍ക്കൂട്ടത്തില്‍ തനിയെ ആകാതെ അവരിലൊരാളായും മാറി കലാഭവന്‍ മണി സിനിമയിലും ജീവിതത്തിലും ഒരുമിച്ച് ജനകീയനാവുകയായിരുന്നു. പ്രേക്ഷകന് പരിചിതര്‍ എന്നു സാദൃശ്യം തോന്നുന്ന കഥാപാത്രങ്ങളെയാണ് മണി സിനിമയില്‍ അവതരിപ്പിച്ചിരുന്നത്. സിനിമാ താരം താരമായി മാത്രം നിലനില്‍ക്കുകയും അറിയപ്പെടുകയും ചെയ്യുമ്പോള്‍ മണി സിനിമതാരമായും വ്യക്തിയായും വൈവിധ്യങ്ങളിലെ തന്നെ ഒറ്റയാനായിരുന്നു. മിമിക്രി, അഭിനയം,സംഗീതം,സാമൂഹ്യ പ്രവര്‍ത്തനം എന്നിങ്ങനെ മലയാള സിനിമയില്‍ മറ്റാര്‍ക്കും പറ്റാത്ത തലത്തില്‍ സര്‍വതല സ്പര്‍ശിയായി പടര്‍ന്നൊരു സ്‌നേഹത്തിന്റെ ദൈവമായിരുന്നു കലാഭവന്‍ മണി എന്നത്. സിനിമയില്‍ ചേക്കേറിയാല്‍ താരമായി മാറാന്‍ വിധിക്കപ്പെട്ടവര്‍ക്കിടയില്‍ സ്വന്തം മണ്ണിലേക്കു മാത്രം ഇറങ്ങി നിന്ന നടനായിരുന്നു മണി. അതുകൊണ്ടാണ് അദ്ദേഹം മരിച്ചപ്പോള്‍ ജനം അവസാനിക്കാത്ത കടല്‍ത്തിരപോലെ ചാലക്കുടിയിലേക്ക് ഒഴുകിയെത്തിയത്.

മിമിക്രിയുടെ തിളക്കത്തോടെ സിനിമയിലേക്കു മണി വന്നതും ഒരര്‍ഥത്തില്‍ സ്വന്തം വേഷത്തിലായിരുന്നു. ഓട്ടോ റിക്ഷ ഓടിച്ചിരുന്ന മണി “അക്ഷരം” എന്ന സിനിമയില്‍ ഓട്ടോ ഡ്രൈവറായാണ് മുഖം കാട്ടിയത്. മിമിക്രിയുടെ പൊലിമയില്‍ ആദ്യം കിട്ടിയ വേഷങ്ങളധികവും നര്‍മ്മ പ്രധാനമായിരുന്നു. അങ്ങനെ മണിക്ക് ഹാസ്യനടനെന്ന പേരുവീണു. പിന്നീട് എല്ലാത്തരം വേഷങ്ങളും വന്നു ചേര്‍ന്നു. ‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും’ എന്ന വിനയന്‍ ചിത്രത്തിലൂടെ അന്ധന്റെ വേഷത്തില്‍ സ്വഭാവ നടന്റെ പരിവേഷവും വന്നു ചേര്‍ന്നു. തമിഴ്, തെലുങ്ക്, കന്നഡ ഉള്‍പ്പടെ ഇരുനൂറോളം സിനിമ ചെയ്തു. ഉശിരന്‍ വില്ലനായിട്ടാണ് ഇതര ഭാഷാ ചിത്രങ്ങളില്‍ അദ്ദേഹം വേഷമിട്ടത്. കുറെക്കാലം തമിഴിലെ പ്രധാന വില്ലന്‍ മണിയായിരുന്നു. നാടന്‍ പാട്ടും നാടന്‍ ജീവിതവുമായി തനതായി ജീവിച്ചൊരു പച്ച മനുഷ്യന്‍. ഔപചാരിക ഡിഗ്രികളൊന്നുമില്ലാതിരുന്ന ഈ മനുഷ്യന്‍ വൈവിധ്യങ്ങളുള്ള നാട്ടു ജീവിതാനുഭവങ്ങളില്‍ അനൗപചാരികതയുടെ മാസ്റ്റര്‍ ബിരുദങ്ങള്‍ അനവധി നേടിയിട്ടുണ്ട്. നാടന്‍ പാട്ടുകളുടെ ആശാനായിരുന്ന മണി നിരവധി ചിത്രങ്ങളില്‍ ഇത്തരം പാട്ടുകള്‍ പാടിയിട്ടുണ്ട്. ആധുനിക ജീവിതത്തിന്റെ വേഗതയേറിയ നിലയില്ലായ്മയില്‍ മുങ്ങി അവശയായ നാടന്‍ പാട്ടുകളുടെ പുനര്‍ജന്മ സ്രോതസന്വേഷിക്കുന്ന നാളത്തെ ഗവേഷകര്‍ ഒരു പക്ഷേ വന്നെത്തുന്നത് ചാലക്കുടിയിലും ചാലക്കുടിക്കാരന്‍ എന്ന മണിയിലുമാകാം. മണി പാടിയ നാടന്‍ പാട്ടുകള്‍ വര്‍ഷങ്ങളോളം കാസറ്റുകളിലായി മലയാളികള്‍ ഉള്ളിടത്തെല്ലാം കേട്ടിട്ടുണ്ടാകും. സ്വദേശമായ ചാലക്കുടി മുഴുവന്‍ മണിയുടെ നാടന്‍ പാട്ടും ആ ചിരിയും മാത്രമായിരുന്നു. വേദനിക്കുന്നവരുടെ കൈ പിടിച്ച് അകമഴിഞ്ഞ് സഹായിക്കുന്ന ഈ പച്ചയായ മനുഷ്യന്റെ മരണം മാത്രം എന്തേ ഇത്രമേല്‍ ദുരൂഹതയേറാന്‍ കാരണം.

0Shares