തിരുവനന്തപുരം: ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണവുമായി ബന്ധപ്പെട്ടുളള വിവാദങ്ങള്‍ക്കിടെ പ്രതികരണവുമായി സംവിധായകന്‍ സിബി മലയില്‍. വ്യാഴാഴ്ച വൈകീട്ട് ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ നിന്നും വിട്ടുനിന്നവരെ അഭിനന്ദിച്ചാണ് ഫേസ് ബുക്ക് പേജിലൂടെ സിബി മലയില്‍ രംഗത്തെത്തിയിരിക്കുന്നത്. മലയാളത്തില്‍ നിന്നുളള ചലച്ചിത്ര പ്രവര്‍ത്തകര്‍ അടക്കം 68 പേരായിരുന്നു പുരസ്‌കാര ചടങ്ങ് ബഹിഷ്‌കരിച്ച് വിട്ടുനിന്നിരുന്നത്. ഇത്തവണ മികച്ച സഹനടനായി തിരഞ്ഞെടുക്കപ്പെട്ട ഫഹദ് ഫാസിലും ജുറിയുടെ പ്രത്യേക പരാമര്‍ശം ലഭിച്ച പാര്‍വതിയടക്കമുളളവരും ചടങ്ങില്‍ നിന്നും വിട്ടുനിന്നിരുന്നു. ഈ സാഹചര്യത്തില്‍ ഒഴിഞ്ഞ കസേരകള്‍ക്കു മുന്‍പില്‍ വച്ചായിരുന്ന ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങ് നടത്തിയിരുന്നത്.
ദേശീയ അവാര്‍ഡ് ജേതാക്കള്‍ക്ക് എന്റെ പൂര്‍ണ പിന്തുണയെന്നും കലാകാരന്മാരുടെ ആത്മാഭിമാനം അടിയറവുവെയ്ക്കാന്‍ തയ്യാറാകാത്ത സഹപ്രവര്‍ത്തകര്‍ക്ക് അഭിനന്ദനങ്ങള്‍ എന്ന് സിബി മലയില്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. അതേസമയം പുരസ്‌കാര വിതരണ ചടങ്ങില്‍ പങ്കെടുത്ത ഗായകന്‍ യേശുദാസിനെയും സംവിധായകന്‍ ജയരാജിനെയും അദ്ദേഹം വിമര്‍ശിച്ചു. ജയരാജിനെയും യേശുദാസിനെയും ഓര്‍ത്ത് ലജ്ജിക്കുന്നുവെന്നും സിബിമലയില്‍ തന്റെ പോസ്റ്റില്‍ കുറിച്ചു. നേരത്തെ ഡോ.ബിജു,ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ലിജോ ജോസ് പെല്ലിശ്ശേരി, റസൂല്‍ പൂക്കുട്ടി തുടങ്ങിയ താരങ്ങളും ദേശീയ അവാര്‍ഡ് വിതരണത്തിനെതിരെ പ്രതികരണവുമായി എത്തിയിരുന്നു.
കലാകാരന്മാരുടെ ആത്മാഭിമാനം അടിയറവുവെയ്ക്കാന്‍ തയ്യാറാകാത്ത സഹപ്രവര്‍ത്തകര്‍ക്ക് അഭിനന്ദനങ്ങള്‍; യേശുദാസിനെയും ജയരാജിനെയും ഓര്‍ത്ത് ലജ്ജിക്കുന്നുവെന്ന് സിബി മലയില്‍