കലയുടെ വര്‍ണ്ണ പ്രപഞ്ചം തീര്‍ക്കാന്‍ വരികയായി വരയുടെ മാന്ത്രിക വിരലുകളുമായി മഹാനടന്റെ മകള്‍.

  • Post category:news
  • Reading time:1 min read
You are currently viewing കലയുടെ വര്‍ണ്ണ പ്രപഞ്ചം തീര്‍ക്കാന്‍ വരികയായി വരയുടെ മാന്ത്രിക വിരലുകളുമായി മഹാനടന്റെ മകള്‍.

കൊച്ചി: സുറുമിയുടെ ലോകം എന്നും വരകളുടേതാണ്. വാപ്പച്ചിയും ദുല്‍ഖറും അഭിനയ ലോകത്തായതുകൊണ്ടാകും ഒരുപക്ഷേ താന്‍ വ്യത്യസ്ത മേഖല തേടി പോയതെന്ന് സുറുമി. വരകളിലൂം വര്‍ണങ്ങളിലും താന്‍ തന്നെ ഒരു കഥാപാത്രമാകുന്നു. ഇത് വരകളുടെ വിശാലമായ ഭൂമിക. മലയാളത്തിലെ മഹാനടന്റെ മകള്‍, തെന്നിന്ത്യന്‍ യുവനടന്റെ സഹോദരി, രാജ്യത്തെ പ്രശസ്തനായ ഹൃദയശസ്ത്രക്രിയാവിദഗ്ധന്റെ ഭാര്യ, ഈ മൂന്നുമേല്‍വിലാസങ്ങളുടെ വലിയവൃത്തങ്ങളെ സ്വന്തം പ്രതിഭകൊണ്ടു മറികടക്കാനൊരുങ്ങുകയാണ് സുറുമി മമ്മൂട്ടി എന്ന അനുഗൃഹീത ചിത്രകാരി. ഇന്ത്യയിലെ മഹാനഗരങ്ങളിലെ പ്രകൃതിദൃശ്യങ്ങള്‍ കോര്‍ത്തിണക്കി, നടന്‍ മമ്മൂട്ടിയുടെ മകള്‍ സുറുമി വരച്ച ഒരുകൂട്ടം ചിത്രങ്ങള്‍ പ്രദര്‍ശനത്തിനും വില്‍പ്പനയ്ക്കും ഒരുങ്ങിയിരിക്കുകയാണ്. മമ്മൂട്ടി, സുറുമി, ഭര്‍ത്താവ് ഡോ. റെയ്ഹാന്‍ സയ്യദ് എന്നിവര്‍ ട്രസ്റ്റിമാരായുള്ള ‘വാസ്’ എന്ന സന്നദ്ധസംഘടനയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ധനം സ്വരൂപിക്കാന്‍ വേണ്ടിയാണ് ഈ ചിത്രങ്ങള്‍ വില്‍ക്കുന്നത്.താന്‍ വളരെ ആസ്വദിച്ചാണു ചിത്രങ്ങള്‍ വരയ്ക്കുന്നതെന്ന് സുറുമി പറഞ്ഞു. ചിത്രരചനയുടെ എല്ലാഘട്ടങ്ങളിലും ഡോ. റെയ്ഹാന്‍ നല്‍കുന്ന പിന്തുണ കൂടുതല്‍വരയ്ക്കാന്‍ പ്രചോദനംനല്‍കുന്നു. അതുപോലെ ഡാഡിയും മമ്മിയും സഹോദരന്‍ ദുല്‍ഖര്‍ സല്‍മാനും നല്ല പ്രോല്‍സാഹനമാണ് നല്‍കുന്നത്. പണ്ടു മുതല്‍ക്കേ വിദേശത്തും മറ്റും പോയിവരുമ്പോള്‍ ചിത്രരചനയ്ക്കുവേണ്ട ഉപകരണങ്ങളും വര്‍ണങ്ങളും മറ്റു സാമഗ്രികളും കുഞ്ഞുസുറുമിക്ക് സമ്മാനമായി വാങ്ങുമായിരുന്നു അഭിനയകലയോടൊപ്പം ചിത്രകലയെയും നെഞ്ചോടു ചേര്‍ക്കുന്ന മമ്മൂക്ക എന്ന സ്‌നേഹധനനായ പിതാവ്.

ഈ സമ്മാനങ്ങള്‍ സുറുമിയിലെ ചിത്രകാരിയെ പടി പടിയായി വളര്‍ത്തി. സ്‌കൂള്‍തലത്തില്‍ ചിത്രരചനയ്ക്ക് ധാരാളം സമ്മാനങ്ങള്‍ ലഭിച്ചിരുന്നു. പിന്നീട് ചിത്രരചനയോടുള്ള അടങ്ങാത്ത അഭിനിവേശംകൊണ്ടാണ് ഫൈന്‍ ആര്‍ട്‌സില്‍ ബിരുദ, ബിരുദാനന്തരപഠനങ്ങള്‍ നടത്തിയത്. ചെന്നൈ സ്റ്റെല്ലാ മേരീസ് കോളെജില്‍ നിന്ന് ഫൈന്‍ ആര്‍ട്‌സില്‍ ബിരുദം നേടിയ സുറുമി ലണ്ടന്‍ ചെല്‍സി കോളേജ് ഓഫ് ആര്‍ട്‌സില്‍ നിന്നാണ് ബിരുദാനന്തരബിരുദം കരസ്ഥമാക്കിയത്.അങ്ങിനെ ഒടുവില്‍ സുറുമി മനോഹരവും മായികവുമായ ചിത്രങ്ങളുടെ ലോകത്തെത്തിച്ചേര്‍ന്നു.ചിത്രകല അക്ഷരാര്‍ത്ഥത്തില്‍ സുറുമിക്ക് ഒരു തപസ്യ തന്നെയാണ്. ചിത്രകാരിയായ മകളെയോര്‍ത്ത് വാപ്പച്ചിയും ഉമ്മിയും,ഭര്‍ത്താവ് ഡോ.റെയ്ഹാനും,സഹോദരന്‍ ദുല്‍ഖര്‍ സല്‍മാനും ഇന്ന് ഏറെ അഭിമാനിക്കുന്നു.

0Shares