
15 കോൺ.–ദൾ വിമതരുടെ രാജി സ്പീക്കർ അംഗീകരിക്കുകയോ അവരെ അയോഗ്യരാക്കുകയോ ചെയ്യും മുൻപ് സർക്കാർ രൂപീകരിക്കേണ്ട എന്ന നിലപാടിലേക്ക് ബി.ജെ.പി കേന്ദ്രനേതൃത്വം മാറിയതോടെ വിമതരുടെ ഭാവി ആശങ്കയിലായി. ബി.ജെ.പി സഭയിൽ ഭൂരിപക്ഷം തെളിയിക്കും വരെ മുംബൈയിലും പുണെയിലുമായുള്ള വിമതർ തിരിച്ചെത്താനിടയില്ലെങ്കിലും അത് എത്രനാള്‍ എന്ന ചോദ്യത്തിലേക്കാണ് കാര്യങ്ങള്‍ എത്തുന്നത്. വിമത എം.എല്‍.എമാരെ അയോഗ്യരാക്കുന്നതിൽകര്‍ണാടക സ്പീക്കറുടെ തീരുമാനം ഇന്നുണ്ടായേക്കുംഎന്നാണു വിവരം.
വിശ്വാസ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്ന എം.എൽ.എ ശ്രീമന്ത് പാട്ടീലിനെ അയോഗ്യനാക്കണമെന്ന് കോൺഗ്രസ് ഇന്നലെ ആവശ്യപ്പെട്ടിരുന്നു. എടുത്തുചാടി ഒന്നും ചെയ്യേണ്ടെന്നു ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്‍റെ നിർദേശം. 15 കോൺ.–ദൾ വിമതരുടെ രാജി സ്പീക്കർ അംഗീകരിക്കുകയോ അവരെ അയോഗ്യരാക്കുകയോ ചെയ്യും മുൻപ് സർക്കാർ രൂപീകരിക്കുന്നതിൽ ആശങ്കയുണ്ടെന്നതു തന്നെ കാരണം.വിമതർക്ക് താൽപര്യമുണ്ടെങ്കിൽ വിശ്വാസവോട്ടെടുപ്പിൽ പങ്കെടുത്താൽ മതിയെന്ന സുപ്രീം കോടതി വിധിക്കെതിരെ സ്പീക്കറും കോൺഗ്രസും ദളും നൽകിയ ഹർജികളിൽ തീർപ്പായിട്ടില്ല. വിപ്പ് നൽകാനുള്ള അവകാശത്തിൽ കോടതി കൈകടത്തിയെന്നു കോൺഗ്രസും ദളും ആരോപിക്കുന്നു.
ഈ സാഹചര്യത്തിലാണ് വിമതരുടെ കാര്യത്തിൽ തീരുമാനമെടുക്കാനായി സ്പീക്കർ നിയമോപദേശം തേടി വരുന്നത്. ബി.ജെ.പി സഭയിൽ ഭൂരിപക്ഷം തെളിയിക്കും വരെ മുംബൈയിലും പുണെയിലുമായുള്ള കോൺ.– ദൾ വിമതർ തിരിച്ചെത്താനിടയില്ല. ബി.ജെ.പി മുതിർന്ന എം.എൽ.എമാരായ ആർ.അശോക, സി.എൻ അശ്വത്ഥ നാരായണ എന്നിവർ ഇന്നലെ വിമതരുമായി ചർച്ചയ്ക്കായി മുംബൈയിലേക്കു പോയി.

അയോഗ്യരാക്കിയാൽ പുതിയ സർക്കാരിൽ മന്ത്രിസ്ഥാനമോ ബോർഡ്, കോർപറേഷനുകളിലെ അധ്യക്ഷ സ്ഥാനമോ വഹിക്കാൻ കഴിയില്ല. എന്നാൽ, ഉപതിരഞ്ഞെടുപ്പിൽ മൽസരിക്കാനോ, വിജയിച്ചു മന്ത്രിയാകാനോ തടസ്സമില്ല. രാജി സ്പീക്കർ അംഗീകരിക്കുകയും അയോഗ്യത ഇല്ലാതാകുകയും ചെയ്താൽ ഉടൻ മന്ത്രിയാകാം. 6 മാസത്തിനകം ഉപതിരഞ്ഞെടുപ്പിൽ മൽസരിച്ച് വിജയിച്ചാൽ മതി. 12 വിമതർക്ക് ബി.ജെ.പി മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തതായി സൂചനയുമുണ്ട്.അതേസമയം, ബി.എസ്പി അധ്യക്ഷ മായാവതിയുടെ ട്വീറ്റിന് അപ്പുറം ഔദ്യോഗിക അറിയിപ്പൊന്നും ലഭിക്കാത്തതിനാലാണ് വിശ്വാസ വോട്ടെടുപ്പിൽ നിന്നു വിട്ടുനിന്നതെന്നു പാർട്ടി പുറത്താക്കിയ എം.എൽ.എ എൻ.മഹേഷ് പറയുന്നു.
ഫെബ്രുവരിയിലെ വിമതനീക്കങ്ങൾക്കു ചുക്കാൻ പിടിച്ച രമേഷ് ജാർക്കിഹോളി, മഹേഷ് കുമത്തല്ലി എന്നിവർക്കെതിരെ അയോഗ്യതാ നടപടികൾ കോൺഗ്രസ് ആരംഭിച്ചിരുന്നു.വിമതരെ മുംബൈയിൽ തളച്ചിട്ടിരിക്കുന്നതിനു പിന്നിൽ ബിജെപിയാണെന്നും പാർട്ടിവിരുദ്ധ പ്രവർത്തനത്തിന് ശക്തമായ തെളിവുണ്ടെന്നും കോൺഗ്രസും ദളും സ്പീക്കർക്കു നൽകിയ പരാതിയിൽ ആവർത്തിക്കുന്നു. മുംബൈയിലെ ആശുപത്രിയിലുള്ള കോൺഗ്രസ് എം.എൽ.എ ശ്രീമന്ത് പാട്ടീന്‍റെ അഭിഭാഷകൻ ഇന്നലെ സ്പീക്കറെ സന്ദർശിച്ച് വീശദീകരണം നൽകി. എന്നാൽ, ഹൃദ്രോഗ ചികിൽസാ വിഭാഗമില്ലാത്ത ആശുപത്രിയിലാണ് ശ്രീമന്ത് പാട്ടീൽ നെഞ്ചുവേദനയ്ക്ക് ചികിൽസ തേടിയത് എന്നതിന്‍റെ തെളിവ് കോൺഗ്രസും സ്പീക്കർക്കു കൈമാറി.
കർണാടകത്തിൽ പുതിയ മന്ത്രി സഭയുണ്ടാക്കാൻ ബി.ജെ.പി കേന്ദ്ര നേതൃത്വം ഇന്ന് തീരുമാനം എടുക്കുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ബി. എസ് യെദ്യൂരപ്പ. സർക്കാരുണ്ടാക്കാൻ ബി.ജെ.പി അവകാശവാദം ഉന്നയിക്കുമെന്ന് ബി.ജെ.പി സംസ്ഥാന നേതാക്കൾ വ്യക്തമാക്കിയിരുന്നു. ദില്ലിയിൽ നിന്ന് നിർദ്ദേശം കിട്ടിയതിന് ശേഷം നിയമസഭ കക്ഷി യോഗം ചേരാനാണ് ബി.ജെ.പിയുടെ തീരുമാനം.അതേസമയം, യെദ്യൂപ്പയുടെ ഇന്ന് സത്യപ്രതിജ്ഞ ഇന്ന് ഉണ്ടാവില്ലെന്നാണ് സൂചന.
