പുത്തൂര്‍: കാറും കര്‍ണാടക ആര്‍.ടി.സി ബസും കൂട്ടിയിടിച്ച് യുവ അഭിഭാഷക മരിച്ചു. ബണ്ട്വാള്‍ കന്ത്രമജലു സ്വദേശിനി ഗായത്രിയാ(23)ണ് മരിച്ചത്. ദേശീയ പാത പുത്തൂരിന് സമീപം സാമ്പ്യയില്‍ വച്ച് ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. വീട്ടിലേക്ക് പോവുകയായിരുന്ന ഗായത്രി സഞ്ചരിച്ച മാരുതി വാഗണില്‍ ഓവര്‍ടേക്ക് ചെയ്തുവന്ന ബസിടിച്ചാണ് അപകടം. പുത്തൂരില്‍ നിന്ന് പുല്ലൂരകിലേക്ക് പോവുന്ന ബസാണ് അമതി വേഗതയിലെത്തി അപകടം വരുത്തിയത്. ഗുരുതരമായി പരിക്കേറ്റ യുവതി ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും വൈകീട്ടോടെ മരണത്തിന് കീഴടങ്ങി. അപകടത്തില്‍ കാര്‍ ഓടിച്ച ഡ്രൈവര്‍ യോജിഷിനും സാരമായ പരിക്കേറ്റിരുന്നു. ഇയാള്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്.
അപകടത്തിന്റെ ദൃശ്യം സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. അപകടകരമായ രീതിയില്‍ വാഹനമോടിച്ചതിനും അപകടം വരുത്തിവച്ചതിനും കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവര്‍ ശേഖറിനെതിരേ പുത്തൂര്‍ റൂറല്‍ പോലിസ് കേസെടുത്തിട്ടുണ്ട്. കങ്കനാടി പോലിസ് ഇ മെയിലില്‍ പുത്തൂര്‍ പോലിസിന് സംഭവം കൊമാറുകയായിരുന്നു. കന്ത്രമജലു സ്വദേശി ചിന്നപ്പയുടെ മകളായ ഗായത്രി അഡ്വ. പൃത്വി രാജ് റായിയുടെ കീഴില്‍ പ്രാക്ടീസ് ചെയ്തുവരികയായിരുന്നു.
കര്‍ണാടക ആര്‍.ടി.സി ബസ് കാറിലിടിച്ച് യുവ അഭിഭാഷക മരിച്ചു; ബസിന്റെ അമിതവേഗമാണ് അപകടത്തിന് കാരണമെന്ന് ദൃസാക്ഷികള്‍