
കര്‍ണാടകയിലെ 15 സീറ്റുകളിലെ ഉപതെരഞ്ഞെടുപ്പ് നീട്ടിവെക്കുന്നതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീം കോടതിയില്‍. വിമത എം.എല്‍.എമാരെ അയോഗ്യരാക്കിയതിനെതിരായ ഹര്‍ജി കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാലാണിതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ഒക്ടോബര്‍ 21നായിരുന്നു ഉപതെരഞ്ഞെടുപ്പു പ്രഖ്യാപിച്ചത്. മൂന്നുദിവസത്തിനുശേഷം ഫലം പ്രഖ്യാപിക്കുമെന്നായിരുന്നു അറിയിച്ചത്.

ജസ്റ്റിസ് എന്‍.വി രമണയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചാണ് 17 വിമത എം.എല്‍.എമാരുടെ അയോഗ്യതയ്ക്കെതിരായ ഹര്‍ജി പരിഗണിക്കുന്നത്. ഇതില്‍ തീരുമാനമെടുക്കുമെന്ന് കോടതിയെ അറിയിച്ചപ്പോഴായിരുന്നു തെരഞ്ഞെടുപ്പു കമ്മീഷന്‍ ഇക്കാര്യം അറിയിച്ചത്.
അയോഗ്യതയുമായി ബന്ധപ്പെട്ട എല്ലാ ഹര്‍ജികളും പരിശോധിച്ച് തീരുമാനമെടുക്കുമെന്ന് ബെഞ്ച് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് തെരഞ്ഞെടുപ്പു കമ്മീഷനുവേണ്ടി ഹാജരായ രാകേഷ് ദ്വിവേദി ‘ കുറച്ചു സമയത്തേക്ക് തെരഞ്ഞെടുപ്പു നീട്ടിവെക്കാന്‍ തെരഞ്ഞെടുപ്പു കമ്മീഷന് ആവശ്യപ്പെടാം’ എന്ന് പറയുകയായിരുന്നു. ഉപതെരഞ്ഞെടുപ്പ് നീട്ടിവെക്കുന്നതില്‍ അഭിപ്രായ വ്യത്യാസമില്ലെന്ന് വിമത എം.എല്‍.എമാര്‍ക്കുവേണ്ടി ഹാജരായ എല്ലാ അഭിഭാഷകരും മറ്റ് കക്ഷികളുടെ അഭിഭാഷകരും അറിയിച്ചു. കേസില്‍ ഒക്ടോബര്‍ 22ന് വാദം തുടരും.
