
കര്‍ണാടകയില്‍ സ്ഥാപിക്കാനിരിക്കുന്ന ക്രിസ്തുവിന്‍റെ പ്രതിമയ്‌ക്കെതിരെ ബി.ജെ.പിയും ആര്‍.എസ്.എസും. 114 അടി ഉയരമുള്ള യേശുക്രിസ്തുവിന്‍റെ പ്രതിമയ്‌ക്കെതിരെ ഇന്നലെ കനകപുര ചലോ എന്ന പേരില്‍ പ്രതിഷേധമാര്‍ച്ച് നടത്തി. കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറിന്‍റെ പദ്ധതിയാണ് പ്രതിമ നിര്‍മ്മാണമെന്ന് ആരോപിച്ചാണ് ബി.ജെ.പിയുടെ പ്രതിഷേധം. ഡി.കെ ശിവകുമാര്‍ ഈ ആരോപണം നിഷേധിച്ചിട്ടുണ്ട്. ഗ്രാമത്തിലുള്ളവരുടെയും ക്രിസ്ത്യന്‍ മത വിഭാഗത്തിന്‍റെയും തീരുമാനപ്രകാരമാണ് പ്രതിമ നിര്‍മിക്കുന്നതെന്നും തന്റെ തീരുമാനമല്ലെന്നും നിയമപരമായാണ് സ്ഥലം വിട്ടുനല്‍കിയതെന്നും ഡി.കെ ശിവകുമാര്‍ പ്രതികരിച്ചു.

പ്രദേശത്തെ എം.എല്‍.എ എന്ന നിലയില്‍ താന്‍ അവരെ പിന്തുണയ്ക്കുകയും സഹായിക്കുകയും ചെയ്തിട്ടുണ്ട്. പ്രതിമ നിര്‍മ്മിക്കാനായി സ്ഥലം വിട്ടുനല്‍കിയത് ഉള്‍പ്പടെ എല്ലാം ചെയ്തത് നിയമപരമായാണ്. പലഭാഗങ്ങളില്‍ നിന്നും എന്ത് പ്രകോപനം ഉണ്ടായാലും സംയമനം പാലിക്കണമെന്നും അദ്ദേഹം അണികള്‍ക്ക് നിര്‍ദേശം നല്‍കി. സമാധാനം പുനസ്ഥാപിക്കാനായി 1000 പോലീസുകാരെയാണ് പ്രദേശത്ത് നിയോഗിച്ചിരിക്കുന്നത്.
13 പടികള്‍ ഉള്‍പ്പെടെ പ്രതിമയുടെ ഉയരം 114 അടിയാണ്. പടികളുടെ നിര്‍മ്മാണം ഇതിനോടകം തന്നെ പൂര്‍ത്തിയാക്കിയിട്ടുണ്ട്. പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ ലോകത്തിലെ ഏറ്റവും വലിയ ക്രിസ്തു പ്രതിമകളില്‍ ഒന്നായിരിക്കും കര്‍ണാടകയിലെ കനകപുരയിലേത്.
