മംഗളൂരു: കര്‍ണാടകയില്‍ കാണാതായ കോഴിക്കോട് മൊകേരി സ്വദേശിയായ സോളോ റൈഡര്‍ സന്ദീപി(34)നെ കുറിച്ച് ഒരാഴ്ച കഴിഞ്ഞിട്ടും യാതൊരു വിവരവുമില്ല. ഇതേ തുടര്‍ന്ന് അന്വേഷണത്തിന് കര്‍ണാടകയിലെത്തിയ കേരള പൊലീസിലെ രണ്ടു ഉദ്യോഗസ്ഥര്‍ മടങ്ങി. സന്ദീപിന്റെ ഭാര്യ നല്‍കിയ പരാതിയെ തുടര്‍ന്നാണ് കോഴിക്കോട് നല്ലളം പൊലീസ് അന്വേഷണം നടത്തിയത്. സന്ദീപിന്റെ ബൈക്ക്, ബാഗ്, വാച്ച്, ഹെല്‍മറ്റ് എന്നിവ കര്‍ണാടക ശൃംഗേരി-കൊപ്പ റൂട്ടിലെ ചിക്കമംഗളൂരു ജില്ലയിലെ തുംഗ നദിക്കടുത്ത് നിന്നും കണ്ടെത്തിയിരുന്നു. വാച്ചിന്റെ സ്ട്രാപ്പ് പൊട്ടിയ നിലയിലായിരുന്നു. നദിയിലടക്കം പരിശോധന നടത്തിയെങ്കിലും യാതൊരു വിവരവും ലഭിക്കാത്തതോടെയാണ് പൊലീസ് ഉദ്യോഗസ്ഥര്‍ മടങ്ങിയത്.
ദിവസങ്ങള്‍ക്ക് മുമ്പ് കര്‍ണാടകയില്‍ നിന്നും വന്ന സന്ദീപിന്റെ സുഹൃത്തുകള്‍ക്ക് വന്ന ഫോണ്‍വിളിയെ അടിസ്ഥാനമാക്കിയും അന്വേഷണവും നടത്തിയെങ്കിലും എങ്ങുമെത്തിയില്ല. സന്ദീപിന്റെ തിരോധാനം അന്വേഷിക്കനായി പ്രത്യേകം അന്വേഷണ സംഘത്തെ തന്നെ നിയോഗിക്കണമെന്നാണ് ബന്ധുക്കള്‍ ആവശ്യപ്പെടുന്നത്. സന്ദീപ് കഴിഞ്ഞ ശനിയാഴ്ചയായിരുന്നു ബൈക്കുമായി കര്‍ണാടകയിലേക്ക് പോയത്. കോഴിക്കോട്ടെ മീഡിയ കമ്പനിയിലെ മാര്‍ക്കറ്റിംഗ് മാനേജറാണ് സന്ദീപ്. നാല് വര്‍ഷത്തോളമായി സന്ദീപും ഭാര്യയും എല്‍.കെ.ജി വിദ്യാര്‍ഥിയായ മകനും പാലാഴിയിലാണ് താമസം.