മടിക്കേരി(കര്‍ണാടക): കര്‍ണാടകയിലെ കുടകില്‍ മഴക്കെടുതി രൂക്ഷം. കേരള അതിര്‍ത്തി പ്രദേശമായ മടിക്കേരിയിലാണ് പ്രളയക്കെടുതി രൂക്ഷമായത്. കേരളത്തിലെ മഴക്കെടുതിക്കൊപ്പം സമാന അന്തരീക്ഷമാണ് കുടകിലുള്ളത്. കേരളത്തിന് സമാനമായ സംഭവം കുടകിലും നേരിടുന്നു. കനത്ത മഴയില്‍ കുടകില്‍ വെള്ളിയാഴ്ച മൂന്നുപേര്‍കൂടി മരിച്ചു. മടിക്കേരിയില്‍ മണ്ണിടിച്ചിലിലാണ് നവജാതശിശു ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചത്. വ്യാഴാഴ്ച മടിക്കേരി ടൗണിനുസമീപം കട്ടേക്കരിയില്‍ കുന്നിടിഞ്ഞ് മൂന്നുപേര്‍ മണ്ണിനടിയില്‍പ്പെട്ട് മരിച്ചിരുന്നു. നൂറിലധികംപേര്‍ കട്ടേക്കരി കുന്നില്‍ ഒറ്റപ്പെട്ടുകഴിയുകയാണ്. കാണാതായവരെ കണ്ടെത്താനും ഒറ്റപ്പെട്ടവരെ പുറത്തെത്തിക്കാനും ഹെലികോപ്റ്റര്‍ സഹായം ഉണ്ടെങ്കിലും കാലാവസ്ഥ പ്രതികൂലമായതിനാല്‍ പ്രയോജനപ്പെടുന്നില്ല.
സൈന്യവും നാട്ടുകാരും കര്‍ണാടക പോലീസും ഫയര്‍ ഫോഴ്സും രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്. ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരുടെ എണ്ണവും വര്‍ധിക്കുന്നു. കാസര്‍കോട് അതിര്‍ത്തി പങ്കിടുന്ന കുടകില്‍ മഴ രൂക്ഷമായതിനാല്‍ കാസര്‍കോട് ഒഴുകുന്ന പയസ്വിനി, ചന്ദ്രഗിരി പുഴയും കരകവിഞ്ഞൊഴുകുന്നുണ്ട്.
പൊതുവെ കാസര്‍കോട് മറ്റുജില്ലകളെ അപേക്ഷിച്ച് മഴ കുറവാണെങ്കിലും കുടകിലെ പ്രളയം ആശങ്ക ഉളവാക്കുന്നതാണ്. കാസര്‍കോട് കോട്ടിക്കുളം ഭാഗത്ത് കടല്‍ഷോഭം രൂക്ഷമാണ്. ഇവിടം നിരവധികുടുംബങ്ങള്‍ കഴിയുന്നത് ദുരിതാശ്വാസ ക്യാമ്പുകളിലാണ്.
കര്‍ണാടകയിലെ കുടകിലും പ്രളയം രൂക്ഷം; പ്രതികൂല കാലാവസ്ഥയായതിനാല്‍ രക്ഷാപ്രവര്‍ത്തനം വൈകുന്നു