കരുത്താര്‍ജ്ജിക്കുന്ന ബി.ജെ.പിയും അജയ്യനാകുന്ന നരേന്ദ്രമോദിയും.

  • Post category:news
  • Reading time:1 min read
You are currently viewing കരുത്താര്‍ജ്ജിക്കുന്ന ബി.ജെ.പിയും അജയ്യനാകുന്ന നരേന്ദ്രമോദിയും.

ന്യൂഡല്‍ഹി: ഉത്തരേന്ത്യയിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വിരല്‍ ചൂണ്ടുന്നത് ദേശീയ രാഷ്ട്രീയത്തില്‍ ബി.ജെ.പി കൂടുതല്‍ കരുത്താര്‍ജ്ജിക്കുന്നു എന്നു തന്നെയാണ്. ഒപ്പം പാര്‍ട്ടിയുടെ സൂര്യ തേജസ്സായ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അജയ്യതയും. ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷായുടെ തൊപ്പിയില്‍ ഈ തെരഞ്ഞെടുപ്പ് ഒരു പൊന്‍തൂവല്‍ കൂടി ചാര്‍ത്തിയിരിക്കുകയാണ്. ഇന്ത്യന്‍ രാഷ്ട്രീയ ഭൂമികയില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ ദയനീയമായ വീഴ്ച്ച ഒരിക്കല്‍കൂടി ലോക സമക്ഷം സാക്ഷ്യപ്പെടുത്തുകയാണ് ഈ തെരഞ്ഞെടുപ്പ്. കോണ്‍ഗ്രസ്സിന്റെ പ്രസക്തി അടിക്കടി മാഞ്ഞു പോവുകയാണെന്ന് ഈ തെരഞ്ഞെടുപ്പ് ഉച്ചൈസ്തരം വിളിച്ചോതുന്നു.

എക്‌സിറ്റ്‌പോള്‍ പ്രവചനങ്ങളില്‍ ബി.ജെ.പിക്ക് മുന്‍തൂക്കം പറഞ്ഞിരുന്നുവെങ്കിലും അക്ഷരാര്‍ത്ഥത്തില്‍ ബി.ജെ.പി തരംഗം തന്നെയാണ് ഉത്തരേന്ത്യയില്‍ അലയടിച്ചത്. ഉത്തരാഖണ്ഡും ഉത്തര്‍പ്രദേശും ബി.ജെ.പി തൂത്തുവാരിയപ്പോള്‍ കോണ്‍ഗ്രസ്സിന്റെ സകല പ്രതീക്ഷകളും തകിടം മറിയുകയായിരുന്നു. കോണ്‍ഗ്രസ്സിന് ആശ്വസിക്കാനുള്ളത് പഞ്ചാബിലെ വിജയമാണ്. ഈ തെരഞ്ഞെടുപ്പില്‍ യഥാര്‍ത്ഥത്തില്‍ പ്രകടമായത് അതാതു സംസ്ഥാനങ്ങളിലെ ഭരണ വിരുദ്ധ വികാരമാണ്. ഗോവയിലെ തിരിച്ചടി ബി.ജെ.പിക്ക് ക്ഷീണമുളവാക്കുന്നു. ആംആദ്മി പാര്‍ട്ടിക്ക് ഗോവയില്‍ അക്കൗണ്ട് തുറക്കാന്‍ സാധിക്കുമെന്ന മോഹം പാടെ പൊലിഞ്ഞു. പഞ്ചാബിലും തഥൈവ. മണിപ്പൂരിലെ വീര സമര നായിക ഈറോം ശര്‍മ്മിളയുടെ ദയനീയ പരാജയം രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിക്കുന്നു.

0Shares