കണ്ണൂര്‍: പ്രസിദ്ധമായ കരിവെള്ളൂര്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തില്‍ 14 വര്‍ഷത്തിനു ശേഷം നടന്ന പെരുങ്കളിയാട്ടത്തിന് പരിസമാപ്തിയായി. 6 നാള്‍ നീണ്ടു നിന്ന പെരുങ്കളിയാട്ടം ഉത്തര കേരളത്തിന്റെ ചരിത്ര നാള്‍വഴികളില്‍ തിളക്കമാര്‍ന്ന അധ്യായമായി മാറി. ആറു ദിവസം രാപ്പകല്‍ ഭേദമെന്യേ അരങ്ങു നിറഞ്ഞാടിയ വിവിധ തെയ്യങ്ങള്‍ നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നുള്ള പതിനായിരങ്ങള്‍ക്ക് അവിസ്മരണീയമായ അനുഭവവും അനുഭൂതിയും സമ്മാനിച്ചു.


മുച്ചിലോട്ട് ക്ഷേത്രത്തിലെ സുപ്രധാന തെയ്യമായ മുച്ചിലോട്ട് ഭഗവതിയുടെ ദര്‍ശന പുണ്യത്തിനായി വന്നു ചേര്‍ന്നത് അക്ഷരാര്‍ത്ഥത്തില്‍ ഒരു മനുഷ്യസാഗരം തന്നെയാണ്!. ഉത്തര കേരളത്തിലെ മുച്ചിലോട്ട് കാവുകളുടെ ആരൂഢമായ ഈ ആദി മുച്ചിലോട്ട്കാവിന്റെ തിരുമുറ്റത്ത് ഭക്ത്യാദരങ്ങളോടെ കൈകൂപ്പി നിന്ന പതിനായിരങ്ങള്‍ക്ക് മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് സാക്ഷാല്‍ അന്നപൂര്‍ണ്ണേശ്വരിയായ മുച്ചിലോട്ടമ്മയുടെ ദര്‍ശന പുണ്യം ലഭിച്ചത്.

പയ്യന്നൂര്‍ വെള്ളാരങ്ങര ഭഗവതി ക്ഷേത്രത്തിലെയും കരിവെള്ളൂര്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെയും പെരുങ്കളിയാട്ടം സമാപിച്ചതോടെ വടക്കന്‍ കേരളത്തിലെ പെരുങ്കളിയാട്ട മഹോത്സവങ്ങള്‍ക്ക് വിരാമമായി. ഇനി മറ്റൊരു പെരുങ്കളിയാട്ട കാലത്തിന് വേണ്ടിയുള്ള കൊതി പൂണ്ട നീണ്ട കാത്തിരിപ്പിലേക്ക് അമരുകയാണ് വടക്കന്‍ കേരളം…