കരിവെള്ളൂരിലെ സഹകരണ സൊസൈറ്റിയില്‍ മൂന്നുകോടിയുടെ മുക്കുപണ്ട പണയ തട്ടിപ്പ് കണ്ടെത്തി, തട്ടിപ്പ് നടത്തിയ ബാങ്ക് സെക്രട്ടറിയും കുടുംബവും മുങ്ങി

  • Post category:news
  • Reading time:1 min read
You are currently viewing കരിവെള്ളൂരിലെ സഹകരണ സൊസൈറ്റിയില്‍ മൂന്നുകോടിയുടെ മുക്കുപണ്ട പണയ തട്ടിപ്പ് കണ്ടെത്തി, തട്ടിപ്പ് നടത്തിയ ബാങ്ക് സെക്രട്ടറിയും കുടുംബവും മുങ്ങി

പയ്യന്നൂര്‍: കരിവെള്ളൂര്‍ ബസാറില്‍ പ്രവര്‍ത്തിക്കുന്ന സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയില്‍ മൂന്നുകോടിയുടെ മുക്കുപണ്ടതട്ടിപ്പ് കണ്ടെത്തി. സംഭവത്തില്‍ സെക്രട്ടറിക്കെതിരെ കേസെടുത്തു. കരിവെള്ളൂരിലെ സഹകരണ സൊസൈറ്റിയില്‍ സംഘം പ്രസിഡന്റ് കെ.വി ഗിരീശന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള കരിവെള്ളൂര്‍ സോഷ്യല്‍ വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി സെക്രട്ടറി കെ.വി പ്രദീപന്‍ കഴിഞ്ഞ 11 മാസത്തിനിടെ 2.98 കോടി രൂപയാണ് മുക്കുപണ്ട പണയത്തിലൂടെ തട്ടിപ്പ് നടത്തിയത്. ഒരേ പേരില്‍ തന്നെ മൂന്നും നാലും പണയങ്ങള്‍ നടന്നതായാണ് പരിശോധനയില്‍ കണ്ടെത്തിയത്. സഹകരണ വകുപ്പ് ഇന്‍സ്പെക്ടര്‍ ഷൈനയുടെ നേതൃത്വത്തിലുള്ള സംഘം വെള്ളിയാഴ്ച ഉച്ചയോടെയാണ് പരിശോധനക്കെത്തിയത്. തുടര്‍ന്ന് ഉയര്‍ന്ന സഹകരണ ഉദ്യോഗസ്ഥരെത്തി പരിശോധന തുടരുകയായിരുന്നു.

ശനിയാഴ്ച പുലര്‍ച്ചെ രണ്ടര മണിയോടെയാണ് പരിശോധന അവസാനിച്ചത്. 13 കിലോ മുക്കുപണ്ടം പണയപ്പെടുത്തി 2,98,49000 രൂപയുടെ തട്ടിപ്പു നടത്തിയതായി സ്ഥിരീകരിച്ചു. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സംഘത്തില്‍ സെക്രട്ടറിയും വനിതാ ജീവനക്കാരിയും മാത്രമാണുള്ളത്. കരിവെള്ളൂര്‍ വഴി ഔദ്യോഗിക ആവശ്യത്തിനായി പോവുകയായിരുന്ന ഷൈനി യാദൃശ്ചികമായാണ് സൊസൈറ്റിയില്‍ കയറിയത്. ഈ സമയത്ത് സെക്രട്ടറി കെ.വി പ്രദീപനും വനിതാ ജീവനക്കാരിയുമാണ് സ്ഥാപനത്തില്‍ ഉണ്ടായിരുന്നത്. രേഖകള്‍ പരിശോധിച്ച് സംശയം തോന്നിയ സഹകരണ ഇന്‍സ്പെക്ടര്‍ പണയ ഉരുപ്പടികള്‍ പരിശോധിക്കാന്‍ തുടങ്ങി. സംശയത്തിന്റെ പേരില്‍ ഏതാനും ആഭരണങ്ങള്‍ മാറ്റിവയ്ക്കുകയായിരുന്നു. തട്ടിപ്പ് നടത്തിയതായി ഇന്‍സ്‌പെടര്‍ കണ്ടെത്തുമെന്ന് മനസിലാക്കിയ സെക്രട്ടറി പിന്നീട്  പുറത്തിറങ്ങി മുങ്ങുകയാണ് ഉണ്ടായത്. ബാങ്ക് പ്രസിഡന്റിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രദീപനെ കുറിച്ച് പയ്യന്നൂര്‍ പോലിസ് ഊര്‍ജിത അന്വേഷണമാരംഭിച്ചു.

0Shares