ബെയ്ജിങ്: മനുഷ്യത്വവും നന്മയും മാഞ്ഞുപോകുന്ന ആസുരമായ നമ്മുടെ കാലത്ത് അനുദിനം കാണുകയും കേള്‍ക്കുകയും ചെയ്യേണ്ടി വരുന്ന വാര്‍ത്തകളും സംഭവങ്ങളും ഒട്ടും സുഖം തരുന്നവയല്ല. അത് നമ്മുടെ ചുറ്റുവട്ടത്ത് ആവട്ടെ, ലോകത്തിന്റെ ഏതെങ്കിലും കോണിലാവട്ടെ, മനസ്സിനെ ആകുലപ്പെടുത്തുന്ന അത്തരം സംഭങ്ങളെക്കുറിച്ചറിയുമ്പോള്‍ മനസ്സാക്ഷിയുള്ളവര്‍ പതറി പോവുക സ്വാഭാവികം.
മനുഷ്യന്‍ മനുഷ്യനെ കണ്ടാലറിയാതാവുന്ന ഒരു ലോക ക്രമത്തിലേക്കാണോ നമ്മുടെ യാത്ര? വിശ്വസാഹിത്യകാരന്‍ മാക്‌സിം ഗോര്‍ക്കിയുടെ ആത്മാവ് ക്ഷമിക്കട്ടെ: ‘മനുഷ്യന്‍ എന്ന മഹത്തായ ആ പദത്തിന്’ ഈകാലത്ത് എന്തര്‍ഥം? മാനവികതയുടെ ഉണര്‍ത്തു പാട്ടും സ്‌നേഹ സംഗീതവും വഴിഞ്ഞ് ഒഴുകിയിരുന്ന ‘മധുര മനോഹര ചൈനയില്‍’ നിന്നും നമ്മുടെ കണ്‍മുന്നിലേക്ക് വന്നണഞ്ഞ ഈ ദൃശ്യം ഒന്നു കാണുക. ദൈവമേ, എന്തുപറ്റി നമ്മുടെ ചൈനീസ് സഹോദരങ്ങള്‍ക്ക്? ഏത് ശിലാ ഹൃദയന്റെയും ഉള്ളുരുക്കാന്‍ പോന്നതാണ് ഒരു ചൈനീസ് തെരുവില്‍ നടന്ന ഈ സംഭവം. നഗര വീഥിയിലെ സി.സി.ടി.വിയില്‍ പതിഞ്ഞ ഈ ദൃശ്യം സാമൂഹ്യ മാധ്യമങ്ങളില്‍ ഒരിക്കല്‍ക്കൂടി വൈറലായി പടരുകയാണ്. അധികം ഒന്നും തിരക്കില്ലാത്ത നഗരവീഥി. ഏകാകിയായി നടന്നു വന്ന ഒരു ബാലനെ അശ്രദ്ധയോടെ അമിത വേഗത്തില്‍ പാഞ്ഞെത്തിയ ഒരു വാഹനം പൊടുന്നനെ തട്ടിതെറിപ്പിക്കുന്നു.

ഒരു കൂസലുമില്ലാതെ ആ വാഹനം കടന്നുപോകുന്നു തൊട്ടു പിറകെ വന്ന മറ്റൊരു വാഹനം ബാലന്റെ ശരീരത്തിലൂടെ കയറി ഇറങ്ങുന്നു. ആ വാഹനത്തില്‍ ഉണ്ടായിരുന്നവരും ഒട്ടും കുറ്റബോധമില്ലാതെ പറന്നകലുന്നു. തുടര്‍ന്ന് അതുവഴി വന്ന കാല്‍ നടയാത്രികരും വാഹനം ഓടിച്ചു വന്നവരും ഒരു കുലുക്കവുമില്ലാതെ’ ഞാനൊന്നുമറിഞ്ഞില്ലേ ദേവ നാരായണാ’ എന്ന മട്ടില്‍ വലിയ തിരക്കുള്ളവരായി കടന്നു പോയ്‌ക്കൊണ്ടിരുന്നു അങ്ങനെ ഒന്നോന്നായി നിരവധി വഴിയാത്രക്കാര്‍, വാഹനങ്ങള്‍. ഇടക്ക് എപ്പോഴോ ഇത്തിരി മനുഷ്യപ്പറ്റുള്ള ആരോ ഒരാള്‍ ഇരുകാലുകളും മുറിഞ്ഞു കഷ്ണമായ ആ ബാലനെ നടുറോഡില്‍ നിന്നും പാതയുടെ ഓരത്തേക്ക് മാറ്റാന്‍ സൗമനസ്യം കാട്ടി.
പ്രാണ വേദന കൊണ്ട് നിലവിളിച്ച ആ കുരുന്നുബാലന്റെ ദുരവസ്ഥയും ദുര്‍വിധിയും ഇനി ലോകത്താര്‍ക്കും ഉണ്ടാവല്ലേയെന്ന് നമുക്ക് പ്രാര്‍ഥിക്കുകയെങ്കിലും ചെയ്യാം. വാഹനാപകട വേളയില്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിന് പകരം അപകട ദൃശ്യം മൊബൈലില്‍ പകര്‍ത്തി അത് ഫേയ്‌സ് ബുക്കിലും വാട്‌സ്ആപ്പിലും പോസ്റ്റ് ചെയ്ത് ആത്മനിര്‍വൃതി കൊള്ളുന്ന സാഡിസ്റ്റുകള്‍ പെരുകി വരുന്ന നമ്മുടെ കാലത്ത് ചൈനയിലെ ഈ സംഭവം കൂടി അതോടൊപ്പം ചേര്‍ത്തു വായിക്കുമ്പോള്‍ മനുഷ്യത്വം ലോകമെമ്പാടും വേരറ്റു പോകുകയാണെന്നതിന്റെ മറ്റൊരു ദൃഷ്ടാന്തമാണ് വെളിപ്പെടുന്നത്.