കരം സ്വീകരിക്കാത്തതിനാല്‍ കര്‍ഷകന്‍ തൂങ്ങി മരിച്ച സംഭവം: ഇനിമുതല്‍ നികുതി സ്വീകരിക്കാന്‍ കര്‍ശന നടപടികള്‍ മുന്നോട്ട് വച്ച് സര്‍ക്കാറും റവന്യു വകുപ്പും.

  • Post category:news
  • Reading time:1 min read
You are currently viewing കരം സ്വീകരിക്കാത്തതിനാല്‍ കര്‍ഷകന്‍ തൂങ്ങി മരിച്ച സംഭവം: ഇനിമുതല്‍ നികുതി സ്വീകരിക്കാന്‍ കര്‍ശന നടപടികള്‍ മുന്നോട്ട് വച്ച് സര്‍ക്കാറും റവന്യു വകുപ്പും.

തിരുവനന്തപുരം: കൈവശമുള്ള ഭൂമിയുടെ നികുതി സ്വീകരിക്കാന്‍ വില്ലേജ് ഓഫീസര്‍ തയ്യാറാകത്തതില്‍ മനം നൊന്ത് കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവുമായി ബന്ധപ്പെട്ട് ഇനിമുതല്‍ കരം സ്വീകരിക്കുന്നതിന് കര്‍ശന നിര്‍ദ്ദേശങ്ങളുമായി സര്‍ക്കാര്‍. കരം ഒടുക്കാന്‍ വരുന്നവരില്‍ നിന്നും അന്നുതന്നെ കരം സ്വീകരിക്കണം. അതിന് കഴിയാതിരുന്നാല്‍ കാരണം രേഖാമൂലം നല്‍കണം എന്നിങ്ങനെയാണ് നിര്‍ദേശങ്ങള്‍. ഇതുസംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ ഉടന്‍ പുറത്തിറക്കും. കരം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട പരാതികള്‍ താലൂക്ക് ഓഫീസില്‍ നല്‍കാമെന്നും ഉത്തരവില്‍ നിര്‍ദ്ദേശമുണ്ടാകും. കോഴിക്കോട് ചെമ്പനോട് ആത്മഹത്യ ചെയ്ത കര്‍ഷകന്‍ ജോയിയുടെ കരം സ്വീകരിക്കാത്തതിന് വില്ലേജ് ഓഫീസര്‍ സണ്ണിയെ സസ്പെന്‍ഡ് ചെയ്തിരുന്നു. സംഭവത്തില്‍ കലക്ടര്‍ വില്ലേജ് ഓഫീസറോട് വിശദീകരണം തേടിയിരുന്നു. ഇത് തൃപ്തികരമല്ലാത്തതിനെ തുടര്‍ന്നാണ് നടപടി.

ആവശ്യങ്ങളുമായി ഓഫീസിലെത്തുന്നവരെ നടത്തി വലയ്ക്കരുതെന്നും വില്ലേജ് ഓഫീസില്‍ എത്തുന്നവരെ രണ്ട് തവണയില്‍ കൂടുതല്‍ വരുത്തരുത് എന്നും റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നികുതി അടക്കുന്നതിന് കാലവതാമസം വരുത്തരുത്, നികുതി സ്വീകരിക്കാത്തതിന്റെ കാരണം എഴുതി നല്‍കണമെന്നും ലാന്‍ഡ് റവന്യൂകമ്മീഷണര്‍ക്കാണ് മന്ത്രിനിര്‍ദേശം നല്‍കിയത്. ചക്കിട്ടപ്പാറ പഞ്ചായത്തിലെ ചെമ്പനോട് വില്ലേജ് ഓഫീസിന് മുന്നിലാണ് ജോയ് എന്ന് വിളിക്കുന്ന ചക്കിട്ടപ്പാറ സ്വദേശി തോമസ് കാവില്‍പുരയിടത്തിലിനെ (57) ബുധനാഴ്ച വൈകിട്ട് എട്ടുമണിയോടെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ജോയിയുടെ കൈവശമുളള ഭൂമിക്ക് നികുതി സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ലെന്ന് ആരോപിച്ച് ജോയിയും കുടുംബവും വില്ലേജ് ഓഫീസിന് മുന്നില്‍ കഴിഞ്ഞവര്‍ഷം നിരാഹാരം നടത്തിയിരുന്നു.

0Shares