കമ്പകക്കാനം കൂട്ടക്കൊലക്കേസ്; മുഖ്യ പ്രതികളെ സഹായിച്ച രണ്ടുപേരെക്കൂടി അറസ്റ്റ് ചെയ്തു

  • Post category:news
  • Reading time:1 min read
You are currently viewing കമ്പകക്കാനം കൂട്ടക്കൊലക്കേസ്; മുഖ്യ പ്രതികളെ സഹായിച്ച രണ്ടുപേരെക്കൂടി അറസ്റ്റ് ചെയ്തു

ഇടുക്കി: കമ്പകക്കാനം കൂട്ടക്കൊലക്കേസില്‍ രണ്ടുപേരെക്കൂടി പിടിയിലായി. മുഖ്യ പ്രതികളായ അനീഷിനെയും ലിബീഷിനെയും സഹായിച്ച രണ്ടുപേരെക്കൂടിയാണ് പോലീസ് അറസ്റ്റുചെയ്തത്. പ്രതികള്‍ക്ക് ഗ്ലൗസും മറ്റും വാങ്ങിക്കൊടുത്ത തൊടുപുഴ ആനക്കൂട് ചാത്തന്‍മല ഇലവുങ്കല്‍ ശ്യാംപ്രസാദ് (28), അപഹരിച്ച സ്വര്‍ണം പണയം വയ്ക്കാന്‍ സഹായിച്ച മൂവാറ്റുപുഴ വെള്ളൂര്‍കുന്നം പട്ടരുമഠത്തില്‍ സനീഷ് (30) എന്നിവരെയാണ് അറസ്റ്റുചെയ്തത്. കൊലപാതകത്തിന് ഇരുവരെയും കൂടെക്കൂട്ടാന്‍ മുഖ്യപ്രതികള്‍ ശ്രമിച്ചെങ്കിലും ഇവര്‍ കൂടെപ്പോകാന്‍ തയ്യാറായില്ല. എന്നാല്‍ കൊലപാതകത്തെക്കുറിച്ച് വിവരമറിഞ്ഞിട്ടും പോലീസിനെ അറിയിക്കാത്തതിനും ഉപകരണങ്ങള്‍ വാങ്ങിക്കൊടുത്തു സഹായിച്ചതിനുമാണ് ഇവരെ അറസ്റ്റുചെയ്തത്. അതേസമയം, ഒന്നാം പ്രതി അനീഷിന്റെ അടിമാലി കൊരങ്ങാട്ടിയിലുള്ള വീട്ടില്‍നിന്നു തെളിവെടുപ്പിനിടെ താളിയോലഗ്രന്ഥവും സ്വര്‍ണാഭരണങ്ങളും പോലീസ് കണ്ടെടുത്തു. കൊലപാതകത്തിനുശേഷം കൃഷ്ണന്റെ വീട്ടില്‍നിന്നു കവര്‍ന്നതായിരുന്നു ഇവ. അടിമാലയിയില്‍നിന്ന് മടങ്ങിയ സംഘം കൊലപാതകം നടന്ന വീട്ടിലും പ്രതികളുമായി ഇന്നലെ തെളിവെടുപ്പു നടത്തി. രണ്ടാം പ്രതി ലിബീഷിന്റെ കസ്റ്റഡി കാലാവധി അവസാനിച്ചതിനാല്‍ ഇന്നു കോടതിയില്‍ ഹാജരാക്കുമെന്ന് ഡിവൈഎസ്പി പറഞ്ഞു. പ്രതികളെ അഞ്ചു ദിവസത്തേക്കായിരുന്നു കസ്റ്റഡിയില്‍ വാങ്ങിയത്.

0Shares