
ചെന്നൈ : ഇളയദളപതി വിജയുടെ പുതിയ ചിത്രമായ മെര്‍സലില്‍ ജി.എസ്.ടിയെ കുറിച്ചുള്ള ഭാഗങ്ങൾ നീക്കം ചെയ്യുന്നതായി സൂചന. സിനിമയിൽ ജി.എസ്.ടിയെ കുറിച്ചുള്ള പരാമര്‍ശത്തെ ബി.ജെ.പി ശക്തമായി എതിര്‍ക്കുന്ന സഹചര്യത്തിലാണ് നിർമാതാക്കളുടെ പുതിയ തീരുമാനമെന്നാണ് സൂചന. “സിംഗപ്പൂരില്‍ ഏഴ് ശതമാനം ജി.എസ്.ടിയുള്ളപ്പോള്‍ ഇന്ത്യയില്‍ അത് 28 ശതമാനമാണ്. കുടുംബബന്ധം തകര്‍ക്കുന്ന മദ്യത്തിന് ജി.എസ്.ടിയില്ല, പക്ഷേ ജീവന്‍ രക്ഷിക്കേണ്ട മരുന്നിനുണ്ട്” എന്ന് തുടങ്ങുന്ന വിജയുടെ ഡയലോഗുകൾ ബി.ജെ.പിയെ വെട്ടിലാക്കുകയായിരുന്നു. സിനിമയിൽ ഈ രംഗങ്ങൾ ഉള്ളതായി മനസ്സിലാക്കിയ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ അടക്കമുള്ള ബി.ജെ.പി നേതാക്കള്‍ ഇത് നീക്കണമെന്ന് ആവശ്യപ്പെടുകയും സിനിമക്കെതിരെ രംഗത്ത് വരികയുമായിരുന്നു. 
എന്നാല്‍, സിനിമയെ പിന്തുണച്ച് നടന്‍ കമലഹാസന്‍, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പി.ചിദംബരം എന്നിവര്‍ രംഗത്തെത്തി എങ്കിലും നിർമാതാക്കൾ ബി.ജെ.പി യുടെ ഭീഷണിക്ക് വഴങ്ങുകയായിരുന്നു എന്ന് വേണം പറയാൻ. നിലവിൽ ബി.ജെ.പിക്ക് നിരക്കാത്ത ഭാഗങ്ങൾ സിനിമയിൽ ഉണ്ടെങ്കിൽ അത് ഉടൻ നീക്കം ചെയ്യുമെന്ന് സിനിമയുടെ നിർമാതാക്കളായ തെനാന്‍ഡല്‍ സ്റ്റുഡിയോ ഉടമകൾ അറിയിച്ചു.
സിനിമാ റിലീസായി ദിവസങ്ങൾ പിന്നിട്ടതിനാൽ ജി.എസ്.ടിയെ കുറിച്ചുള്ള സിനിമയിലെ രംഗം നിലവിൽ സോഷ്യൽ മീഡിയകളിൽ പ്രചരിക്കുകയാണ്. വെട്ടിമാറ്റാൻ പോകുന്ന സിനിമയിലെ രംഗം എന്ന തലക്കെട്ടോടെയാണ് ഈ രംഗം ഇപ്പോൾ വൈറലായിരിക്കുന്നത്.
https://www.youtube.com/watch?v=FPCPB8EqlgY
