
ആനിങ്: ചൈനയില്‍ നടക്കുന്ന കന്‍പിങ് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റിന്‍റെ ആദ്യ റൗണ്ടില്‍ ഇന്ത്യന്‍ താരം അങ്കിത റെയ്‌നയ്ക്ക് ത്രസിപ്പിക്കുന്ന ജയം. മുന്‍ യു.എസ്. ഓപ്പണ്‍ ചാമ്പ്യന്‍ സാമന്ത സ്റ്റോസറെ 7-5, 2-6, 6-5 എന്ന സ്‌കോറിന് അങ്കിത അട്ടിമറിക്കുകയായിരുന്നു. രണ്ട് മണിക്കൂറും അമ്പത് മിനിറ്റും നീണ്ടുനിന്ന മത്സരത്തിലാണ് അങ്കിത കരിയറിലെ മികച്ച വിജയം സ്വന്തമാക്കിയത്.

മുന്‍പ് ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ സാമന്തയ്ക്കായിരുന്നു വിജയം. എന്നാല്‍ ലോക 178-ാം റാങ്കുകാരിയായ അങ്കിത 77-ാം റാങ്കിലുള്ള ഓസ്‌ട്രേലിയന്‍ താരത്തിനെതിരെ ഇക്കുറി കനത്ത പോരാട്ടംതന്നെ കാഴ്ചവെച്ചു. രണ്ടാം റൗണ്ടില്‍ ചൈനയുടെ കായ് ലിന്‍ ഷാങ്ങിനെ അങ്കിത നേരിടും. ഏഷ്യന്‍ ഗെയിംസ് വെങ്കല മെഡല്‍ ജേതാവ് കൂടിയായ അങ്കിത ടെന്നിസില്‍ 200 റാങ്കില്‍ താഴെയെത്തുന്ന മൂന്നാമത്തെ ഇന്ത്യന്‍ വനിതാ ടെന്നിസ് താരമാണ്. സാനിയ മിര്‍സയും നിരുപമ വൈദ്യനാഥനുമാണ് നേരത്തെ ഈ നേട്ടത്തിലെത്തിയത്.
2011ല്‍ സെറീന വില്ല്യംസിനെ വീഴ്ത്തി യു.എസ്. ഓപ്പണില്‍ കിരീടം ചൂടിയ സാമന്തയാവട്ടെ ഡബിള്‍സില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ താരം കൂടിയാണ്. ഡബിള്‍സില്‍ അഞ്ച് ഗ്രാന്‍ഡ്സ്ലാം കിരീടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്.
