തിരുവനന്തപുരം: കന്യാസ്ത്രീയെ അധിക്ഷേപിച്ച സംഭവത്തില്‍ പിസി ജോര്‍ജിനെതിരെ കേസെടുത്തേക്കും. അതേസമയം, അന്വേഷണ സംഘത്തിന് കന്യാസ്ത്രീയുടെ മൊഴിയെടുക്കാനായില്ല. കഴിഞ്ഞ ദിവസം കോട്ടയത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് കന്യാസ്ത്രീയ്‌ക്കെതിരെ ജോര്‍ജ് അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തിയത്. ജലന്ധര്‍ ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയെയും ഇവരെ പിന്തുണച്ചവരെയും ആക്ഷേപിക്കുകയും ചില അപഥസഞ്ചാരിണികളാണെന്നും പറഞ്ഞു. ബിഷപ്പിന്റെ അറസ്റ്റിനുശേഷം പി.സി.ജോര്‍ജിനെതിരെ നീങ്ങുമെന്ന് സൂചന. ‘പി സി ജോര്‍ജിനെ പോലുള്ള നിയമസഭാ സാമാജികര്‍ അപമാനകരമാണെന്നും, കര്‍ശനമായ നടപടി എടുക്കുമെന്നും ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ പറഞ്ഞു. സ്ത്രീകളെ സഹായിക്കുന്നതിനുപകരം ഇത്തരം പ്രസ്താവനകള്‍ ഇറക്കുന്ന നിയമസഭാ സാമാജികരെ ഓര്‍ത്ത് ലജ്ജ തോന്നുന്നു. ജോര്‍ജിനെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ കേരളാ ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് കത്തെഴുതുമെന്നും’ രേഖാ ശര്‍മ വ്യക്തമാക്കി. ഇരയ്‌ക്കെതിരെ മോശം പരാമര്‍ശം നടത്തിയ എംഎല്‍എയുടെ നടപടി ലജ്ജിപ്പിക്കുന്നവെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ പറഞ്ഞിരുന്നു.

പരാമര്‍ശം ഞെട്ടിപ്പിക്കുന്നുവെന്ന് സി.പി.എം പി.ബി അംഗം സുബാഷിണി അലിയും പ്രതികരിച്ചിരുന്നു. ദേശീയ മാധ്യമങ്ങളടക്കം പി.സി ജോര്‍ജിനെതിരായ പ്രതിഷേധം പ്രാധാന്യത്തോടെ ചര്‍ച്ചയാക്കി. പ്രമുഖരടക്കം സമൂഹ മാധ്യമങ്ങളില്‍ എംഎല്‍എക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരിക്കുകയാണ്. ബിഷപ്പിനെതിരായ പരാതിയില്‍ കന്യാസ്ത്രീയ്ക്ക് വേണ്ടി സമരത്തിനിറങ്ങിയ കന്യാസ്ത്രീകള്‍ സഭയില്‍ നിന്ന് വേറിട്ടു നില്‍ക്കുന്നുവരാണെന്നും പി.സി.ജോര്‍ജ് ആരോപിച്ചു. പി.സി.ജോര്‍ജിനെതിരെയുള്ള ദേശീയ വനിതാ കമ്മീഷന്റെ വിമര്‍ശനത്തെക്കുറിച്ചുള്ള ചോദ്യത്തിന് വനിതാ കമ്മീഷന്‍ തന്റെ മൂക്ക് ചെത്തുമോയെന്നായിരുന്നു പി.സിയുടെ മറുപടി.