
തലശേരി: അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ മകന്‍ ഹാഫിസ് ഉമര്‍ മുക്താര്‍ വിവാഹിതനായി. തലശേരി മുനിസിപ്പല്‍ ടൗണ്‍ഹാളിലായിരുന്നു വിവാഹം. വടകര അഴിയൂരിലെ ബൈത്തുല്‍ നിഅ്മത്തില്‍ പി.പി ഇല്‍യാസിന്റെ മകള്‍ നിഹ്മത്ത് ജബിന്‍ ആണ് വധു. ബുധനാഴ്ച രാവിലെയോടെ മഅ്ദനി തലശേരിയിലെത്തിയിരുന്നു. രാവിലെ ഏഴ് മുപ്പതോടെ ട്രെയിനിറങ്ങിയ മഅ്ദനിയെ സ്വീകരിക്കാന്‍ നിരവിധി പ്രവര്‍ത്തകരാണ് റെയില്‍വേ സ്റ്റേഷനിലെത്തിയത്. മഅ്ദനി വിശ്രമ സൗകര്യം ഒരുക്കിയ ലോഗന്‍സ് റോഡിലെ ലോഡ്ജിലേക്ക് പോയതിനു ശേഷം, 11 മണിയോടെ വിവാഹ വേദിയിലേക്ക് എത്തി. കല്ല്യാണത്തില്‍ പങ്കെടുക്കാന്‍ സി.പി.എം നേതാക്കളായ പി ജയരാജനും ഇ.പി ജയരാജനും എത്തിയിരുന്നു. സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുകോയ തങ്ങള്‍ നിക്കാഹിനു നേതൃത്വം നല്‍കി.

മോയിന്‍ ബാപ്പു, കെ.ടി. കുഞ്ഞി കോയ, ശൈഖ് മുഹമ്മദ് കാരക്കുന്ന്, പി.ടി.എ റഹീം എം.എല്‍.എ, മുന്‍ മന്ത്രി നീല ലോഹിതദാസ നാടാര്‍, നാസര്‍ ഫൈസി കൂടത്തായി, ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞി മൗലവി, പൂന്തുറ സിറാജ്, സുബൈര്‍ സബാഹി, ഒ.അബ്ദുറഹ്മാന്‍, മുസ്തഫ കൊമ്മേരി, സാലിം അഴിയൂര്‍, കെ.ജലീല്‍ സഖാഫി, നസീര്‍ അഴിയൂര്‍ തുടങ്ങി നിരവധി പേര്‍ പങ്കെടുത്തു. വൈകീട്ട് വധുവിന്റെ വീട്ടില്‍ നടന്ന സല്‍ക്കാരത്തിലും മഅദ്‌നി പങ്കെടുത്തു. മഅ്ദനിയുടെ സുരക്ഷ കണക്കിലെടുത്ത് വിവാഹം നടക്കുന്ന ടൗണ്‍ഹാളിനും അദ്ദേഹം തങ്ങുന്ന ഹോട്ടലിനും സംസ്ഥാന പൊലിസ് സുരക്ഷ ഒരുക്കിയിരുന്നു. മൂന്നു സി.ഐമാരുടെ നേതൃത്വത്തില്‍ നൂറിലേറെ പോലിസുകാരെ സുരക്ഷയ്ക്കായി നിയോഗിച്ചിരുന്നു.
