കനത്തമഴയിലും രക്ഷാപ്രവര്‍ത്തനം തുടരുന്നു; തായ്ലന്‍ഡിലെ ഗുഹയില്‍ കുടുങ്ങിയ ഒരു കുട്ടിയെ കൂടി പുറത്തെത്തിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing കനത്തമഴയിലും രക്ഷാപ്രവര്‍ത്തനം തുടരുന്നു; തായ്ലന്‍ഡിലെ ഗുഹയില്‍ കുടുങ്ങിയ ഒരു കുട്ടിയെ കൂടി പുറത്തെത്തിച്ചു

തായ്ലന്‍ഡ്: തായ്ലന്‍ഡിലെ ഗുഹയില്‍ കുടുങ്ങിയ ഫുട്ബോള്‍ ടീം അംഗങ്ങളില്‍ ഒരു കുട്ടിയെ കൂടി പുറത്തെത്തിച്ചു. ഇതോടെ പുറത്തെത്തിയവരുടെ എണ്ണം അഞ്ച് ആയി. ഞായറാഴ്ച വൈകീട്ടോടെ നാലു കുട്ടികളെ പുറത്തെത്തിച്ചിരുന്നു. രക്ഷപ്പെടുത്തിയ കുട്ടിയെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് നീക്കിയതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.തിങ്കളാഴ്ച രാവിലെ പുനരാരംഭിച്ച രക്ഷാപ്രവര്‍ത്തനത്തിന് മേഖലയില്‍ തുടരുന്ന കനത്ത മഴ തുടക്കത്തില്‍ തടസ്സം സൃഷ്ടിച്ചെങ്കിലും രക്ഷാപ്രവര്‍ത്തകര്‍ വീണ്ടും ഗുഹയില്‍ പ്രവേശിച്ച് ദൗത്യം തുടരുകയായിരുന്നു. ഇനി കോച്ച് അടക്കം എട്ടുപേരാണ് ഗുഹയില്‍ ബാക്കിയുള്ളത്. ഇവരെ പുറത്തെത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. ഇന്ന് രാവിലെ പ്രാദേശിക സമയം രാവിലെ 11 മണിയോടെയാണ് (ഇന്ത്യന്‍ സമയം 8.30) രക്ഷാദൗത്യം വീണ്ടും ആരംഭിച്ചത്. രാത്രിയില്‍ കനത്ത മഴയാണ് പെയ്തതെങ്കിലും ഗുഹയിലെ ജലനിരപ്പില്‍ വലിയ വര്‍ധനയുണ്ടായിട്ടിലെന്നും രക്ഷാ ദൗത്യത്തിന് നേതൃത്വം വഹിക്കുന്ന നരോങ്സാക് ഓസോട്ടനകോണ്‍ വ്യക്തമാക്കി. രക്ഷപ്പെടുത്തി പുറത്തെത്തിച്ച നാലു കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് തായ് അധികൃതര്‍ വ്യക്തമാക്കി. ഇവരെ ഗുഹയില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെയുള്ള ചിയാങ് റായ് ആസ്പത്രിയിലാണുള്ളത്. അണുബാധയുണ്ടാകാതിരിക്കുന്നതിന് പ്രത്യേക വാര്‍ഡിലാണ് ഇവരെ ചികിത്സിക്കുന്നത്. കുടുംബാംഗങ്ങളെയും ഇവിടേക്ക് പ്രവേശിപ്പിക്കുന്നില്ല.

0Shares