കതിരൂര്‍ മനോജ് വധക്കേസില്‍ പി ജയരാജനെതിരേ യു.എ.പി.എ ചുമത്തി കുറ്റപത്രം; അറസ്റ്റിലായ 19 പ്രതികളില്‍ ജയരാജനുമാത്രമാണ് മനോജിനോട് വൈരാഗ്യമെന്ന് സി.ബി.ഐ

  • Post category:news
  • Reading time:1 min read
You are currently viewing കതിരൂര്‍ മനോജ് വധക്കേസില്‍ പി ജയരാജനെതിരേ യു.എ.പി.എ ചുമത്തി കുറ്റപത്രം; അറസ്റ്റിലായ 19 പ്രതികളില്‍ ജയരാജനുമാത്രമാണ് മനോജിനോട് വൈരാഗ്യമെന്ന് സി.ബി.ഐ

കൊച്ചി: ആര്‍.എസ്.എസ് കണ്ണൂര്‍ ജില്ലാ ശാരീരിക് ശിക്ഷന്‍ പ്രമുഖ് ആയിരുന്ന കതിരൂര്‍ മനോജിന്റെ വധക്കേസില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ അടക്കം ആറു പ്രതികള്‍ക്കെതിരെ സി.ബി.ഐ കുറ്റപത്രം സമര്‍പിച്ചു. കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ടാണ് സി.ബി.ഐ രണ്ടാംഘട്ട കുറ്റപത്രം വ്യാഴാഴ്ച കോടതിയില്‍ സമര്‍പ്പിച്ചത്. കൊലപാതകത്തിന്റെ മുഖ്യസൂത്രധാരന്‍ ജയരാജനെന്ന് കുറ്റപത്രത്തില്‍ പറയുന്നു. കേസില്‍ ഇരുപത്തിയഞ്ചാം പ്രതിയാണ് ജയരാജന്‍. കൊലയ്ക്ക് വേണ്ട സഹായങ്ങള്‍ ചെയ്തുകൊടുത്തത് ജയരാജന്‍ ആണെന്ന് കുറ്റപത്രത്തില്‍ പറയുന്നു. പയ്യന്നൂര്‍ ഏരിയാ സെക്രട്ടറി മധുസൂദനന്‍, ജിതേഷ്, സജിത്ത് തുടങ്ങിയവരും രണ്ടാം കുറ്റപത്രത്തില്‍ പ്രതികളാണ്. ഗൂഡാലോചനയില്‍ നേരിട്ട് പങ്കാളിയാണെന്നും കലാപവും ഭീകരാന്തരീക്ഷവും സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടാണ് കൊല നടത്തിയതെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നുണ്ട്. 2014 സപ്തംബര്‍ ഒന്നിനാണ് വാനില്‍ സഞ്ചരിക്കുന്നതിനിടെ മനോജിനെ ഒരുസംഘം ബോംബെറിഞ്ഞും വെട്ടിയും കൊലപ്പെടുത്തിയത്. പി ജയരാജനെ കൊലപ്പെടുത്താന്‍ ശ്രമിച്ചകേസിലെ അഞ്ചാം പ്രതിയായിരുന്നു കൊല്ലപ്പെട്ട മനോജ്. ഇതിലുള്ള വിദ്വേഷമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് ആദ്യകുറ്റപത്രത്തില്‍ പറയുന്നത്. മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയതിനെ തുടര്‍ന്ന് 2016 ഫെബ്രുവരി 12ന് കോടതിയില്‍ കീഴടങ്ങുകയായിരുന്നു ജയരാജന്‍. കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടന്നുകൊണ്ടിരിക്കേയാണ് സി.ബി.ഐയ്ക്ക് വിട്ടുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയത്.2014 സെപ്തംബര്‍ 28ന് സി.ബി.ഐ കേസ് ഏറ്റെടുത്തു. തുടര്‍ന്ന് പ്രതികള്‍ക്കെതിരെ കൊലപാതകം, ഗൂഢാലോചന, വധശ്രമം, യുഎപിഎ വകുപ്പുകള്‍ ചുമത്തി തിരുവനന്തപുരം പ്രത്യേക സി.ബി.ഐ കോടതിയില്‍ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചിരുന്നു. പി. ജയരാജനു മനോജിനോടുള്ള വ്യക്തി വൈരാഗ്യവും രാഷ്ട്രീയ വിരോധവുമാണു കൊല ആസൂത്രണം ചെയ്യാന്‍ ജയരാജനെ പ്രേരിപ്പിച്ചതെന്നു സി.ബി.ഐ പറയുന്നു. മനോജ് വധക്കേസില്‍ അറസ്റ്റിലായ 19 പ്രതികള്‍ക്കും മനോജുമായി വൈരാഗ്യമുണ്ടായിരുന്നില്ലെന്നും പി. ജയരാജനു മാത്രമാണു വ്യക്തി വൈരാഗ്യവും രാഷ്ട്രീയ വൈരാഗ്യവും ഉണ്ടായിരുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്. പി.ജയരാജനെ പതിനഞ്ച് വര്‍ഷം മുന്‍പ് കൊലപ്പെടുത്താന്‍ ശ്രമിച്ചതിന്റെ പ്രതികാരമായാണ് മനോജിനെ വധിച്ചതെന്നാണ് ആദ്യകുറ്റപത്രത്തില്‍ പറയുന്നത്. ജയരാജനെ 2015 ജൂണ്‍ രണ്ടിന് സി.ബി.ഐ അഞ്ചു മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. കേസില്‍ മുഖ്യസൂത്രധാരന്‍ ജയരാജനാണെന്നും മറ്റു നിരവധി കൊലപാതകങ്ങളിലും ജയരാജന് പങ്കുണ്ടെന്ന പരാമര്‍ശവും ആദ്യ കുറ്റപത്രത്തില്‍ സി.ബി.ഐ പറഞ്ഞിരുന്നു.

 

0Shares