കണ്ണൂര്‍ ഡി.സി സി ജനറല്‍ സെക്രട്ടറി പ്രദീപ് വട്ടിപ്രത്തെ കോണ്‍ഗ്രസില്‍ നിന്നും സസ്‌പെന്റ് ചെയ്തു

  • Post category:news
  • Reading time:1 min read
You are currently viewing കണ്ണൂര്‍ ഡി.സി സി ജനറല്‍ സെക്രട്ടറി പ്രദീപ് വട്ടിപ്രത്തെ കോണ്‍ഗ്രസില്‍ നിന്നും സസ്‌പെന്റ് ചെയ്തു

കണ്ണൂര്‍: ഡി.സി സി ജനറല്‍ സെക്രട്ടറിയായ പ്രദീപ് വട്ടിപ്രത്തെ ഗുരുതരമായ സംഘടനാ വിരുദ്ധ പ്രവര്‍ത്തനവും അച്ചടക്ക ലംഘനവും നടത്തിയതിന് പാര്‍ട്ടിയില്‍ നിന്നും അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തതായി കെ.പി.സി.സി പ്രസിഡണ്ട് എം.എം ഹസ്സന്‍ ഡി.സി.സി പ്രസിഡണ്ട് സതീശന്‍ പാച്ചേനിയെ അറിയിച്ചു. അതേസമയം  കണ്ണൂര്‍ ഡി.സി.സി. ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചതായി പ്രദീപ് വട്ടിപ്രം നേരത്തെ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു. ഇക്കാര്യം വ്യക്തമാക്കി കെ.പി.സി.സി. പ്രസിഡന്റിന് കത്തയച്ചതായും അറിയിച്ചിരുന്നു. പാര്‍ട്ടിയെ ചില നേതാക്കള്‍ തറവാട്ടുസ്വത്തുപോലെ കാണുന്നതിലും അഴിമതിയിലും സ്തുതിപാഠകന്‍മാരുടെ പ്രവര്‍ത്തനങ്ങളിലും പ്രതിഷേധിച്ചാണ് രാജിയെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. നേരത്തെ വയലാര്‍രവി ഗ്രൂപ്പിലായിരുന്ന പ്രദീപ് അടുത്തകാലത്ത് എ ഗ്രൂപ്പിലെത്തിയിരുന്നു. കഴിഞ്ഞ ഡി.സി.സിയുടെ കാലത്ത് സംഭാവനയായി ലഭിച്ച വലിയൊരു തുക വരവില്‍ കാണിക്കാത്തത് ഡി.സി.സി യോഗത്തില്‍ പ്രദീപ് ചൂണ്ടിക്കാട്ടിയിരുന്നു. തുടര്‍ന്ന് ഈ തുക വരവില്‍ കാണിച്ചു. ഇതിനു ശേഷം പ്രദീപിനെ ഒരു പരിപാടികളിലും സഹകരിപ്പിക്കാതിരിക്കുന്ന നയമാണ് തുടര്‍ന്നത്. പ്രദീപിന്റെ നാട്ടിലെ പരിപാടികളിലൊന്നും പങ്കെടുപ്പിക്കരുതെന്നും രഹസ്യനിര്‍ദ്ദേശം നല്‍കിയിരുന്നു. പാര്‍ട്ടി ഊരുവിലക്കിന് സമാനമായ നില പ്രദീപ് നേരിടുന്നത് രണ്ടുവര്‍ഷമായി. ഇതാണ് രാജിയിലേക്ക് നയിച്ചത്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് പ്രദീപിന്റെ ഭാര്യയെ താല്‍ക്കാലികമായി ഗവ. പ്ലീഡറായി നിയമനം നല്‍കിയിരുന്നു. സംഘടനാവിരുദ്ധപ്രവര്‍ത്തനത്തിന് അച്ചടക്കനടപടി നേരിടേണ്ടിവരുമെന്ന് മനസ്സിലാക്കിയപ്പോള്‍ വ്യാജവും വസ്തുതാവിരുദ്ധവുമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ് ചെയ്തതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.
സ്വന്തം ബിസിനസ് സ്ഥാപനത്തില്‍ ഉണ്ടായ പ്രശ്‌നത്തില്‍ സി.പി.എമ്മിന്റെ സഹായം ആവശ്യമാണെന്ന ഘട്ടത്തില്‍ കോണ്‍ഗ്രസിനെ തള്ളിപ്പറഞ്ഞ് വീരപരിവേഷത്തിന് ശ്രമിക്കുകയാണെന്ന് ഡി.സി.സി സംഘടനാ വക്താവ് മുഹമ്മദ് ഫൈസല്‍ പറഞ്ഞു. ഇതിനിടയിലാണ് കോണ്‍ഗ്രസ് ഔദ്യോഗികമായി സസ്‌പെന്റ് ചെയ്തതായി കണ്ണൂര്‍ ഡി.സി.സി പ്രസിഡന്റ് അറിയിച്ചത്.

0Shares