കണ്ണൂര്‍: പോലീസിന്റെ കണക്കുപ്രകാരം കണ്ണൂര്‍ ജില്ലയില്‍ ഈവര്‍ഷം നവംബര്‍ വരെ വാഹനാപകടങ്ങളില്‍ മരിച്ചത് 196പേര്‍. കഴിഞ്ഞമാസം മാത്രം 170 റോഡ് അപകടങ്ങളില്‍ പതിനേഴുപേരാണ് മരിച്ചത്. കഴിഞ്ഞ വര്‍ഷം 1896 അപകടങ്ങളിലായി 213 പേര്‍ മരണമടഞ്ഞിരുന്നു. അതേസമയം വെറും പതിനൊന്നുമാസംകൊണ്ടാണ് ഇത്രയേറെ ജീവനുകള്‍ റോഡിലും മറ്റും പൊലിഞ്ഞത്. വാഹന പെരുപ്പവും റോഡുകളുടെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തയും റോഡുകളുടെ ശോച്യാവസ്ഥയും അപകടങ്ങള്‍ക്ക് വഴിതെളിയിക്കുന്നുണ്ട്. അതോടൊപ്പം പോലിസിന്റെയും മോട്ടോര്‍ വാഹനവകുപ്പിന്റെ പരിശോധന കുറഞ്ഞത് അപകടം വര്‍ധിക്കാനുള്ള കാരണമായെന്നും വിലയിരുത്തപ്പെടുന്നു. അപകടങ്ങളില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് ഇരുചക്രവാഹനങ്ങളാണ്. 100 ഓളം പേര്‍മരിച്ചത് ഓട്ടോയിലും ബൈക്കിലും യാത്ര ചെയ്തവരാണ്.
രാത്രികളിലും അതിരാവിലെയുമാണ് ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ നടക്കുന്നത്. അമിതവേഗതയാണ് അപകടത്തിന് കാരണമാകുന്നത്. രാത്രി പരിശോധന നടത്തില്ലെന്ന ധൈര്യത്തില്‍ നിയമലംഘനം നടത്തുന്നവരാണ് പല അപകടങ്ങളും വരുത്തിവെക്കുന്നത്. ജനുവരി മുതല്‍ നവംബര്‍ വരെ മോട്ടോര്‍ വാഹന വകുപ്പ് റദ്ദാക്കിയത് നൂറിലേറെ ഡ്രൈവിംഗ് ലൈസന്‍സാണ്. ഇതില്‍ മദ്യപിച്ച് വാഹനമോടിച്ചവരും അപകടകരമായും അലക്ഷ്യമായും വാഹനമോടിച്ചതുള്‍പ്പെടെയുള്ള കുറ്റങ്ങളുടെ പേരിലാണ് നടപടി. മദ്യപിച്ചുള്ള ഡ്രൈവിംഗ്, ഉറക്കമൊഴിച്ചുള്ള ഡ്രൈവിംഗ്, രാത്രിയില്‍ ഹെഡ്ലൈറ്റ് ഡിം ചെയ്യാത്തത്, വാഹനമോടിക്കുന്നതിനിടയിലെ മൊബൈല്‍ ഫോണ്‍ ഉപയോഗം, മത്സര ഓട്ടം എന്നിവയെല്ലാം റോഡുകളെ ചോരക്കളമാക്കുന്നതില്‍ പങ്കുവഹിക്കുന്നുണ്ട്. ഡ്രൈവര്‍മാര്‍ വേണ്ടത്ര വിശ്രമമില്ലാതെ രാത്രി കാലങ്ങളില്‍ വാഹനമോടിക്കുന്നത് പലപ്പോവും അപകടങ്ങള്‍ക്ക് വഴിതുറക്കുന്നുണ്ട്. കുത്തനെയുള്ള കയറ്റിറക്കങ്ങളും കൊടും വളവുകളുള്ള റോഡുകളിലും അപകടം പതിവാണ്.
കണ്ണൂര്‍ ജില്ലയില്‍ ഈവര്‍ഷം റോഡപകടത്തില്‍ കൊല്ലപ്പെട്ടത് 196 പേര്‍; പോലിസിന്റെയും മോട്ടോര്‍വാഹന വകുപ്പിന്റെയും പരിശോധന കുറഞ്ഞത് അപകടങ്ങള്‍ വര്‍ധിക്കാന്‍ കാരണമായെന്ന് ആരോപണം