
തളിപ്പറമ്പ്: സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയ കണ്ണൂര്‍ കീഴാറ്റൂരിലെ വയല്‍കിളികളുടെ സമരത്തെ നേരിടാന്‍ ശനിയാഴ്ച കീഴാറ്റൂരിലേക്ക് നാടിന് കാവല്‍ എന്ന പേരില്‍ സി.പി.എം ബഹുജന മാര്‍ച്ച് നടത്തും. മാര്‍ച്ച് എം.വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കീഴാറ്റൂരിലെ സമരക്കാര്‍ക്ക് പിന്തുണ ലഭിച്ചതോടെയാണ് നേരിട്ടിറിങ്ങി രണ്ടാംഘട്ട സമരത്തെ നേരിടുക എന്ന ലക്ഷ്യത്തോടെ സി.പി.എം രംഗത്തെത്തിയിരിക്കുന്നത്. കീഴാറ്റൂരില്‍ സമരം നടത്തുന്നത് വയല്‍ കിളികളല്ല വയല്‍ കഴുകന്‍മാരാണെന്ന പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍റെ പ്രസ്താവനയും ഏറെ വിവാദമായിരുന്നു.

രണ്ടാം ഘട്ട സമരമെന്ന നിലയ്ക്ക് ഭൂമി ഏറ്റെടുക്കുന്നതിനിടെ വയല്‍ കിളികളുടെ നേതൃത്വത്തില്‍ ഞായാറാഴ്ച വമ്പന്‍ പ്രതിഷേധ പരിപാടിക്ക് കീഴാറ്റൂരില്‍ തുടക്കമാകുന്നത് മുന്നില്‍ക്കണ്ടാണ് സി.പി.എം മറ്റൊരു സമരത്തിന് തുടക്കം കുറിക്കുന്നത്. തളിപ്പറമ്പിലെ എല്ലാ ഏരിയാ കമ്മിറ്റികളില്‍ നിന്നും പ്രവര്‍ത്തകരെ പങ്കെടുപ്പിച്ച് ബഹുജന മാര്‍ച്ച് നടത്തിയ ശേഷം തളിപ്പറമ്പില്‍ ജനകീയ കണ്‍വെന്‍ഷന്‍ നടത്താനും സി.പി.എം പദ്ധതിയിടുന്നുണ്ട്.
കീഴാറ്റൂരിലുള്ളവര്‍ സമരത്തിന് എതിരല്ലെന്നും പുറത്ത് നിന്ന് ആളെക്കൂട്ടി സംഘര്‍ഷവസ്ഥ സൃഷ്ടിക്കാനാണ് വയല്‍ക്കിളികള്‍ ശ്രമിക്കുന്നതെന്ന് സി.പി.എം ആരോപിക്കുന്നു. അതുകൊണ്ടു തന്നെയാണ് നാടിന് കാവല്‍ എന്ന പേരില്‍ സമരത്തിന് നേതൃത്വം നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. സമരപ്പന്തല്‍ തകര്‍ക്കുകയും സമരം തകര്‍ത്ത് ബൈപ്പാസ് റോഡിന് കല്ലിടുകയും ചെയ്തതോടെ പ്രശ്നം അവസാനിച്ചുവെന്നായിരുന്നു സി.പി.എം നേതൃത്വം കരുതിയത്.
