
കണ്ണൂര്‍: കലക്ടറേറ്റില്‍ നടന്ന കവര്‍ച്ചയുമായി ബന്ധപ്പെട്ട് രണ്ട് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. പേരാവൂരിലെ കൂരാക്കുണ്ട് ഹൗസില്‍ കെ വി മത്തായി എന്ന ഓന്ത് മത്തായി (53), കോഴിക്കോട് തിരുവമ്പാടിയിലെ കുന്തന്‍തോട്ടില്‍ ബിനോയ് (35) എന്നിവരെയാണ് സി.ഐ രത്നകുമാറും സംഘവും അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് കലക്ടറേറ്റ് കെട്ടിടത്തിലെ ലോട്ടറി ഓഫീസുള്‍പ്പെടെയുള്ള മുറികളിലും തൊട്ടടുത്ത കാന്റീനിലും കവര്‍ച്ച നടന്നത്. കാന്റീനിലെ അലമാരയില്‍ സൂക്ഷിച്ച 20,000 രൂപ നഷ്ടപ്പെട്ടിരുന്നു. തുടര്‍ന്ന് പോലിസ് കലക്ടറേറ്റ് കെട്ടിടത്തിലെ സി.സി.ടി.വി ക്യാമറകള്‍ പരിശോധിച്ചെങ്കിലും ഒന്നും തന്നെ കണ്ടെത്താനായില്ല. പിന്നീട് മൊബൈല്‍ ഫോണ്‍ ടവറുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയപ്പോഴാണ് തുമ്പുണ്ടാക്കാന്‍ കഴിഞ്ഞത്. മൂന്നുവര്‍ഷത്തെ തടവ് ശിക്ഷ കഴിഞ്ഞിറങ്ങിയ ഓന്ത് മത്തായി നഗരത്തില്‍ സ്ഥാപിച്ചിരുന്ന സി.സി.ടി.വി ക്യാമറകളിലൊന്നിലും മത്തായിയുടെ ചിത്രം പതിഞ്ഞിരുന്നു. ഇയാളെ കണ്ടെത്താന്‍ മാത്രം ഏതാനും പോലീസുകാരെ നഗരത്തില്‍ ഏര്‍പാട് ചെയ്തിരുന്നു. ബുധനാഴ്ച ഉച്ചയോടെ പുതിയ ബസ്സ്റ്റാന്റിലെത്തിയ മത്തായിയെ പോലീസുകാര്‍ കണ്ടതോടെ സമീപത്ത് നിര്‍ത്തിയിട്ട കെ.എസ്.ആര്‍.ടി.സി ബസിന്റെ പിറകിലൂടെ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടിയിലാണ് പിടിയിലായത്. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് ബിനോയിയും കൂട്ടത്തിലുണ്ടായിരുന്നതായി സമ്മതിച്ചത്.
കളവ് മുതല്‍ വീതം വച്ച് രണ്ടുവഴിക്ക് പിരിഞ്ഞ ഇവര്‍ ഇന്നലെ കണ്ണൂരില്‍ വീണ്ടും ഒത്തുകൂടാന്‍ തീരുമാനിച്ചിരുന്നു. അതുപ്രകാരമാണ് മത്തായി എത്തിയത്. തുടര്‍ന്ന് പോലിസ് നഗരത്തിലെ ലോഡ്ജുകളില്‍ പരിശോധന നടത്തവേ സ്റ്റേഷന്‍ റോഡിലെ ഒരു ടൂറിസ്റ്റ്ഹോമില്‍ നിന്ന് ബിനോയ് പിടികൂടി. ചോദ്യം ചെയ്യലില്‍ ഇരുവരും കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. കണ്ണൂര്‍ കോടതി വളപ്പിലെ കാന്റീനില്‍ കവര്‍ച്ച നടത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ടാണ് മത്തായി ജയിലിലെത്തിയത്. കോഴിക്കോട് ജുഡീഷ്യല്‍ കോടതിയില്‍ കവര്‍ച്ച നടത്തിയതുമായി ബന്ധപ്പെട്ടാണ് ബിനോയ് അറസ്റ്റിലായത്. കോടതിയില്‍ സൂക്ഷിച്ച ഒരുലക്ഷം രൂപയായിരുന്നു കളവ് പോയത്. എന്നാല്‍ ഈ പണം കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ സൂക്ഷിച്ച കള്ളനോട്ടുകളായിരുന്നു. ഏതാനും നോട്ടുകള്‍ ബന്ധു കടയില്‍ കൊണ്ടുപോയപ്പോഴാണ് തിരിച്ചറിഞ്ഞതും ഒടുവില്‍ ബിനോയ് പിടിക്കപ്പെട്ടത്. വൈദികനാകാന്‍ പഠിക്കാന്‍ പോയ ഇയാള്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ജയിലില്‍ വച്ചാണ് മത്തായിയും ബിനോയിയും പരിചയപ്പെട്ടതും പുറത്തിറങ്ങിയാല്‍ പോലീസിന് പണി കൊടുക്കാനും തീരുമാനിച്ചത്. ഇക്കഴിഞ്ഞ ജൂലായ് മാസമാണ് ഇരുവരും മൂന്നുവര്‍ഷത്തെ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത്. ജയിലില്‍ നിന്ന് ജോലി ചെയ്ത വകയില്‍ 37,500 രൂപയും ഇരുവര്‍ക്കും പുറത്തിറങ്ങുമ്പോള്‍ ലഭിച്ചിരുന്നു. അത് തീര്‍ന്നപ്പോഴാണ് പുതിയ തന്ത്രവുമായി കൊടുക്കാനിറങ്ങിയത്. രാത്രി സെക്കന്റ് ഷോ സിനിമ കണ്ട ശേഷം നേരത്തെ കണ്ടുവെച്ച കലക്ടറേറ്റിന് മുന്നിലെ പെട്രോള്‍ പമ്പ് കൊള്ളയടിക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ വാഹനങ്ങള്‍ നിര്‍ത്താതെ വന്നുകൊണ്ടിരുന്നതിനാല്‍ ശ്രമം ഉപേക്ഷിച്ചു. തുടര്‍ന്നാണ് കലക്ടറേറിന്റെ മതില്‍ ചാടിക്കടന്ന് മോഷണം നടത്തിയത്. എസ്.ഐ ഉണ്ണികൃഷ്ണന്‍, പോലീസുകാരായ മഹിജന്‍, സജിത്ത്, രഞ്ജിത്ത്, സ്നേഹേഷ്, ശിവാനന്ദന്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതികളെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കി റിമാന്റിനയച്ചു.