തിരുവനന്തപുരം: രാഷ്ട്രീയ അക്രമങ്ങള്‍ തുടര്‍ക്കഥയാകുന്ന കണ്ണൂരില്‍ സമാധാനം പുന:സ്ഥാപിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെടുന്നു. ഇതിന്റെ ആദ്യപടിയായി മുഖ്യമന്ത്രി തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്ത യോഗത്തില്‍ സിപിഎം നേതാക്കളും ബിജെപി നേതാക്കളും സംബന്ധിച്ചു. സിപിഎമ്മിനെ പ്രതിനിധീകരിച്ച് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗങ്ങളായ ആനത്തലവട്ടം ആനന്ദന്‍, എം.വി ഗോവിന്ദന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

ബി.ജെ.പി-ആര്‍എസ്എസ് സംഘടനകളെ പ്രതിനിധീകരിച്ച് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഒ.രാജഗോപാല്‍ എം.എല്‍.എ, ഗോപാലന്‍കുട്ടി മാസ്റ്റര്‍ എന്നിവരും മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ചര്‍ച്ചയില്‍ സംബന്ധിച്ചു. ഇതിന്റെ തുടര്‍ച്ചയായി ചൊവ്വാഴ്ച കണ്ണൂരില്‍ സര്‍വകക്ഷിയോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്.