കണ്ണൂര്‍: കണ്ണൂരില്‍ ഇരിക്കൂറിനടുത്ത് തിരൂരില്‍ പുലിയിറങ്ങിയതായി വാര്‍ത്തകള്‍. രാവിലെ ആറുമണിയോടെ സമീപത്തെ പൊട്ടക്കിണറ്റില്‍ പുലിയെ കണ്ടതായി ചില നാട്ടുകാര്‍ പറഞ്ഞു. കിണറ്റില്‍ പുലി വീണിട്ടുണ്ടെന്നറിഞ്ഞ് കൂട്, വല തുടങ്ങിയ സന്നാഹങ്ങളോടെ അഗ്നിശമന സേനകളും വനം വകുപ്പ് ഉദ്യോഗസ്ഥരും പോലീസും എത്തി പരിശോധന നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല.

അധികം ആഴമില്ലാത്ത കിണറ്റില്‍ നിന്നും പുലി രക്ഷപ്പെട്ടിട്ടുണ്ടാകുമെന്ന് സംശയിക്കുന്നു. കിണറ്റില്‍ പുലി വീണതിന്റെ അടയാളങ്ങള്‍ ലഭിച്ചതായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്. പുലിയിറങ്ങിയതിനാല്‍ സ്ഥലത്ത് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.