കണ്ണൂര്‍: ചില നേരങ്ങളില്‍ ചില മനുഷ്യര്‍ ഇങ്ങനെയാണ്. അത്യാഹിതങ്ങള്‍ ഉണ്ടാകുമ്പോള്‍ സ്വാഭാവികമായി മനസ്സാക്ഷിയുള്ളവര്‍ സങ്കടപ്പെടും. എന്നാല്‍ നമ്മുടെ പുതിയ കാലത്ത് കഥമാറി വരികയാണ്. അപകടങ്ങളില്‍ മുതലെടുപ്പ് നടത്തുന്നവര്‍ നമ്മുടെ ഇടയില്‍ പെരുകി വരികയാണ് എന്നുള്ളതിന്റെ ഉദാഹരണമാണ് കണ്ണൂരില്‍ ഉണ്ടായത്. സംഭവം ഇങ്ങനെ തലശ്ശേരി-ബാവലി അന്തര്‍ സംസ്ഥാന പാതയില്‍ നാലാം മൈലിനു സമീപം ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് മൂന്നു പേര്‍ക്കു പരിക്കേറ്റു. കര്‍ണാടകയില്‍ നിന്നു കാസര്‍കോട് ബവ്‌റിജസ് കോര്‍പ്പറേഷന്‍ ഡിപ്പോയിലേക്ക് കൊണ്ടുപോവുകയായിരുന്നു ബിയര്‍ ലോറിയാണ് അപകടത്തില്‍പ്പെട്ടത്.

ലോറിയുടെ ക്യാബിനില്‍ നിന്നു തീപടര്‍ന്നെങ്കിലും പേരാവൂര്‍ ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചതോടെ വന്‍ ദുരന്തമൊഴിവാകുകയായിരുന്നു. പരിക്കേറ്റവരെ പേരാവൂരിലെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ അപകടമറിഞ്ഞെത്തിയവര്‍ ആദ്യം ഞെട്ടിയെങ്കിലും പിന്നീട് മുഖത്ത് സന്തോഷം വിരിഞ്ഞു. കാരണം നടുറോഡിലാകെ ബിയര്‍ കുപ്പികള്‍ ചിതറി കിടക്കുന്നു. നിരവധി മദ്യകുപ്പികള്‍ പൊട്ടി നശിച്ചെങ്കിലും പ്രദേശത്ത് തടിച്ച് കൂടിയ കുടിയന്മാര്‍ പൊട്ടാത്ത മദ്യകുപ്പികള്‍ കൈക്കലാക്കി തല്‍ക്ഷണം ഓടി മറഞ്ഞു. ഇനി ചിക്കനും കൂട്ടി മദ്യവും നുണഞ്ഞ് കുശാല്‍. ഇങ്ങനെ ഒരു അപകടം ഇനിയും ഉണ്ടാകണേന്ന് ചില കുടിയന്മാരെങ്കിലും പ്രാര്‍ത്ഥിച്ചു കാണും എന്നതില്‍ സംശയമില്ല!