കണ്ണൂര്‍: ധര്‍മ്മടത്ത് പ്രവര്‍ത്തകനെ വെട്ടിക്കൊന്നതില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ ജില്ലയില്‍ ബി.ജെ.പി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ പരക്കെ സംഘര്‍ഷം. പ്രതിഷേധ പ്രകടനവുമായി റോഡിലിറങ്ങിയ ബി.ജെ.പി, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ റോഡുകള്‍ ഉപരോധിക്കുകയും വാഹനങ്ങള്‍ തടയുകയും ചെയ്തു. സംസ്ഥാന സ്‌കൂള്‍ കലോത്സവം നടക്കുന്ന പോലീസ് മൈതാനിയിലേക്ക് ബി.ജെ.പി പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് റോഡ് ഉപരോധിച്ച ബി.ജെ.പി പ്രവര്‍ത്തകരും പോലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി.

ജവഹര്‍ സ്റ്റേഡിയത്തിന് മുന്നില്‍ വെച്ചാണ് പ്രകടനമായെത്തിയ ബി.ജെ.പി പ്രവര്‍ത്തകരെ പോലീസ് തടഞ്ഞത്. പ്രവര്‍ത്തകര്‍ രോഷാകുലരായി അക്രമത്തിലേക്ക് തിരിഞ്ഞതോടെ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. സമീപത്തുളള ഫ്‌ളക്‌സ് ബോര്‍ഡുകളെല്ലാം പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു. സ്ഥലത്ത് വന്‍ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.